udf-paravoor
യു.ഡി.എഫ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ സംഘടിപ്പിച്ച പ്രതാപ വർമ്മ തമ്പാൻ അനുസ്മരണത്തിൽ എൻ.പീതാംബരകുറുപ്പ് സംസാരിക്കുന്നു

പരവൂർ : കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ.എം.എൽ.എ യുമായിരുന്ന പ്രതാപവർമ്മ തമ്പാന്റെ വേർപാട് പാർട്ടിക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് മുൻ എം.പി എൻ.പീതാംബരകുറുപ്പ്‌ അഭിപ്രായപ്പെട്ടു.
എം.എൽ.എ എന്ന നിലയിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ വികസന സ്വപ്നങ്ങൾക്ക് അടിത്തറ പാകാൻ പ്രതാപവർമ്മ തമ്പാന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമായി എതിർചേരിയിലായിരുന്നപ്പോഴും സ്‌നേഹ ബന്ധങ്ങൾ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു തമ്പാനെന്നും അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ പരവൂർ കായലിലെ ജങ്കാർ സർവീസ് സാക്ഷാത്കരിക്കാൻ രാഷ്ട്രീയ ഭേദമന്യേ ശ്രമിക്കണമെന്നും സി.പി.എം നേതാവും പരവൂർ മുൻസിപ്പൽ മുൻ ചെയർമാനുമായ കെ.പി.കുറുപ്പ് പറഞ്ഞു.

യു.ഡി.എഫ് പരവൂർ മണ്ഡലം ചെയർമാൻ എ.ശുഹൈബ് അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു,
പരവൂർ മുൻസിപ്പൽ അദ്ധ്യക്ഷ പി.ശ്രീജ, യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ജി.രാജേന്ദ്ര പ്രസാദ്, സി.പി.ഐ പരവൂർ മണ്ഡലം കമ്മിറ്റി അംഗം
അഡ്വ.എ.കെ.മനോജ്, കൃഷ്ണചന്ദ്രമോഹൻ, ബിജു പാരിപ്പള്ളി, പൊഴിക്കര വിജയൻപിള്ള തുടങ്ങിയവർ സംസാരിച്ചു.