vazha

കൊല്ലം: പ്രായം 45 ദിവസം, പൊക്കം നാലരയടി, പത്തില തികച്ചില്ല, എന്നിട്ടും കുലയ്ക്കാതിരിക്കാനായില്ല ഈ കുഞ്ഞൻ വാഴയ്ക്ക്. കൊല്ലം പോളയത്തോട് വടക്കേവിള വികാസ് നഗർ-186 എ ഷൺമുഖവിലാസത്തിൽ സുദർശനബാബുവിന്റെ (പുത്തൂർ ബാബു) വീട്ടുവളപ്പിലാണ് ഈ അപൂർവ വാഴക്കുഞ്ഞൻ.
ജൂൺ 20ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ 40 രൂപ വീതം മുടക്കി റോഡരികിൽ നിന്നാണ് ബാബു വാഴവിത്തുകൾ വാങ്ങിയത്. ഏതിനമെന്ന് അറിയില്ല. പെട്ടെന്ന് കുലയ്ക്കുന്ന ഇനം തരാനാണ് വില്പനക്കാരനോട് പറഞ്ഞത്. സാധാരണയുള്ളതിനേക്കാൾ കനക്കുറവുള്ള വിത്താണ് ലഭിച്ചത്.

അന്നുതന്നെ വീട്ടുവളപ്പിൽ നട്ടു. രണ്ടു ദിവസത്തിന് ശേഷം മുള പൊട്ടി. ജൈവവളമാണ് ഉപയോഗിച്ചത്. ആഴ്ചകൾ മുമ്പ് വാഴ്യ്ക്ക് ചുറ്റും കന്ന് മുളച്ചെങ്കിലും കള്ളവിത്തെന്ന് കരുതി ചവിട്ടിയൊടിച്ചു. ഇപ്പോൾ പുതിയത് മുളച്ചുപൊന്തി.

40 ദിവസം പിന്നിട്ടപ്പോഴേക്കും കടുംചുവപ്പും കറുപ്പും കലർന്ന നിറത്തിൽ കൂമ്പ് പുറത്തെത്തി. വിരിഞ്ഞിറങ്ങിയപ്പോഴാണ് വാഴ കുലച്ചതാണെന്ന് ബാബു തിരിച്ചറിഞ്ഞത്. കൃഷിവകുപ്പിൽ അറിയിച്ചപ്പോൾ നേരിട്ടെത്തി പരിശോധിക്കാമെന്നായിരുന്നു മറുപടി.

35 വർഷമായി കൊല്ലം ജില്ലാ ആശുപത്രിയിൽ പത്രഏജന്റായ ബാബു പരിമിതമായ സ്ഥലത്ത് വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വിളയിക്കുന്നുണ്ട്. ജലജകുമാരിയാണ് ഭാര്യ. സ്വകാര്യ വസ്ത്രശാലയിലെ മാനേജരായ വിഷ്ണുലാലും വൈഷ്ണവിയുമാണ് മക്കൾ.

സാധാരണ 8 മുതൽ 12 മാസം വരെ വളർച്ചയെത്തിയ വാഴകളാണ് കുലയ്ക്കാറുള്ളത്. എന്നാൽ ഒന്നര മാസം പ്രായമുള്ള വാഴ കുലച്ചത് പഠന വിധേയമാക്കും.

കൃഷിവകുപ്പ് അധികൃതർ