കൊല്ലം: കൃഷി പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയ കർഷക അവാർഡുകൾ പ്രഖ്യാപിച്ച് വർഷം ഒന്ന് പിന്നിട്ടിട്ടും സമ്മാനിക്കാൻ സമയം കിട്ടുന്നില്ല. സംസ്ഥാന തലത്തിലും മറ്റ് ജില്ലകളിലും അവാർഡുകൾ സമ്മാനിച്ചെങ്കിലും ജില്ലയിൽ മാത്രം അനിശ്ചിതമായി നീളുകയാണ്.

2022ലെ കർഷക അവാർഡിന് അപേക്ഷ ക്ഷണിക്കാറായിട്ടും കഴിഞ്ഞ വർഷത്തെ അവാർഡ് വിതരണം വൈകുന്നതിൽ പ്രതിഷേധത്തിലാണ് കർഷകർ. കാർഷിക മേഖലയിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥർക്കും മികച്ച കർഷകർക്കും പ്രത്യേക അവാർഡുകളാണ് പ്രഖ്യാപിച്ചത്.

കൃഷി അസി. ഡയറക്ടർ, കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ്, മികച്ച കർഷകൻ, മട്ടുപ്പാവ് കർഷകൻ, ഓണത്തിന് ഒരു മുറം പച്ചക്കറി ക്യഷി, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച വിദ്യാർത്ഥി, മികച്ച അദ്ധ്യാപകൻ, മികച്ച സ്ഥാപന മേധാവി, മികച്ച ക്ളസ്റ്റർ, മികച്ച പൊതുമേഖലാ സ്ഥാപനം, മികച്ച സ്വകാര്യസ്ഥാപനം എന്നിങ്ങനെ തിരിച്ചാണ് അവാർഡ് നൽകുന്നത്.

ക്യാഷ് പ്രൈസും മൊമന്റോയും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് തുക സാമ്പത്തി വർഷം അവസാനിക്കുന്നതിന് മുമ്പ് ജേതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. പി.എസ്.സുപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ അ‌ഞ്ചലിൽ അനുമോദന സമ്മേളനം വിളിച്ചുകൂട്ടി അവാ‌ർഡ് സമ്മാനിക്കാനായിരുന്നു തീരുമാനം. എന്നാൽ നിയമസഭാ സമ്മേളന തിരക്കുകൾ കാരണം സമ്മേളനം നീണ്ടുപോവുകയായിരുന്നുവെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം.

അവാ‌ർഡ് ദാന സമ്മേളനത്തിനുള്ള ക്രമീകരണം ചെയ്തുവരുന്നു. എത്രയും വേഗം സമ്മേളനം ക്രമീകരിക്കും.

കൃഷി വകുപ്പ് ഉദ്യോഗസ്ഥർ