പുനലൂർ: അച്ചൻകോവിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷനെടുക്കാൻ ബൈക്കിലെത്തിയ പിതാവിനെയും മകളെയും കാട്ടാന അക്രമിച്ചു. കരുനാഗപ്പള്ളി എസ്.ബി.എം ചെന്നീർവിള പുത്തൻ വീട്ടിൽ അബ്ദുൽ നവാസ് (52), മകൾ നജില (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ 9 ഓടെ അച്ചൻകോവിൽ - കോന്നി വനപാതയിലെ മണ്ണാറപ്പാറയ്ക്ക് സമീപത്തെ ഉളിയനാട്ടായിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ നിന്ന് കോന്നി വനപാത വഴി അച്ചൻകോവിൽ സ്കൂളിൽ ബൈക്കിലെത്തിയതായിരുന്നു ഇരുവരും. ആക്രമണത്തിൽ പിതാവിന്റെ കാലിന് പരിക്കേറ്റു. നജീലയ്ക്ക് നിസാര പരിക്കേറ്റു. ബൈക്ക് തകർന്നതായി വനപാലകർ പറഞ്ഞു.