പുത്തൂർ: ഓണം എത്താറായി എന്നിട്ടും പുത്തൂർ ചന്തയുടെ ദുരിതാവസ്ഥയ്ക്ക് മാറ്റമില്ല. താത്കാലിക ചന്ത തുടങ്ങുന്നകാര്യത്തിലും ഒരു തീരുമാനവുമില്ല. കുളക്കട ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ചന്ത ഹൈടെക് ആകുമെന്ന് നാട് സ്വപ്നം കാണാൻ തുടങ്ങിയിട്ട് നാളേറെയായി. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് ഹൈടെക് ചന്ത നിർമ്മാണത്തിനായി 2.84 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല. നിലവിലുള്ള ചന്തയിലെ വ്യാപാര ശാലകളെല്ലാം തന്നെ താത്കാലിക സംവിധാനങ്ങളിലേക്ക് മാറ്റി ചന്തയുടെ പ്രവർത്തനം ഉഷാറാക്കാനും പഴയ കെട്ടിടങ്ങൾ നീക്കം ചെയ്ത് പുതിയ കെട്ടിട സമുച്ചയങ്ങളടക്കം നിർമ്മിക്കാനുമാണ് തീരുമാനിച്ചത്.
ചന്തക്കുള്ളിൽ മൂക്കുപൊത്താതെ വയ്യ
ചന്തയിലെ നിലവിലുള്ള സ്ഥിതി തീർത്തും പരിതാപകരമാണ്. മലിന ജലം വഴിനീളെ ഒഴുകുന്ന സ്ഥിതിയാണ്. മാലിന്യം പുഴുനുരക്കുന്നു. ചന്തക്കുള്ളിൽ മൂക്കുപൊത്താതെ കടക്കാൻ വയ്യാത്ത സ്ഥിതിയുമാണ്. ഈ നിലയിൽ ഓണക്കാലംവരെ തുടർന്നാൽ ജനം തീർത്തും ബുദ്ധിമുട്ടും. ഹൈടെക് മാർക്കറ്റിന്റെ നിർമ്മാണത്തിനായി നിലവിലെ ചന്ത മാറ്റി പ്രവർത്തിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണ്. മണ്ഡപം ജംഗ്ഷന് കിഴക്കുഭാഗത്തായി കണിയാപൊയ്ക ചിറ റോഡിന്റെ വശത്ത് സ്വകാര്യ ഭൂമിയിൽ താത്കാലിക ചന്തക്ക് സ്ഥലമൊരുക്കിയിട്ടുണ്ട്. എന്നാൽ ഇവിടേക്ക് പ്രവർത്തം മാറ്റാനായില്ല.
ഹൈടെക് മാർക്കറ്റ് ഉടനെത്തുമോ?
പുരാതന കാലം മുതൽ പുത്തൂർ പട്ടണത്തിൽ രണ്ട് ചന്തകളുണ്ട്. കിഴക്കേ ചന്ത കാർഷിക ചന്തയും പടിഞ്ഞാറെ ചന്ത മത്സ്യ ചന്തയുമായാണ് പ്രവർത്തിച്ചിരുന്നത്. കിഴക്കേ ചന്ത ഇപ്പോൾ നാമമാത്രമായി. പടിഞ്ഞാറെ ചന്ത ഹൈടെക് വികസനം സ്വപ്നം കാണുകയാണ്. എന്നാൽ പദ്ധതി തുടങ്ങാൻ വൈകുന്നത് ആശങ്കയുണർത്തുന്നു.