കൊല്ലം : റോഡിലെ കുഴിയും അതിലെ കോടതി ഇടപെടലുമെല്ലാം
സംസ്ഥാന തലത്തിൽ ചർച്ചയാകുമ്പോൾ ജില്ലയിലെ അവസ്ഥയും ദയനീയമാണ്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുളള റോഡുകളെല്ലാം തകർച്ചയിലാണ്. പ്രത്യേകിച്ച്, കൊല്ലം നഗരത്തിൽ
മരണഭയമില്ലാതെ യാത്ര ചെയ്യാവുന്ന ഒരു റോഡുമില്ല എന്നതാണ് സത്യം.
കൊച്ചുപിലാംമൂട്- പളളിത്തോട്ടം, ക്യു.എ.സി- റെയിൽവേ സ്റ്റേഷൻ, ചെമ്മാൻമുക്ക്- അയത്തിൽ, എസ്. എം. പി പാലസ്, താമരക്കുളം- ബെൻസിഗർ ആശുപത്രി, ചിന്നക്കട - കൊച്ചുപിലാംമൂട് എന്നീ റോഡുകളെല്ലാം തകർന്ന് കാൽ നടപോലും ദുസഹമായിരിക്കുകയാണ്.
ഞാങ്കടവ് കുടിവെളള പദ്ധതിക്കായി റോഡ് വെട്ടിക്കുഴിച്ച് പൈപ്പ് സ്ഥാപിച്ച ശേഷം ടാറിംഗ് നടത്താത്തതാണ് നഗരത്തിലെ ദുരിതത്തിന് കാരണം.
മഴയിലെ ചെളിയും വേനലിലെ പൊടിയും ഒരുപോലെ സഹിക്കാൻ വിധിക്കപ്പെട്ടവരായി മാറിയിരിക്കുകയാണ് നഗരവാസികൾ.
ക്യു.എ.സി, റെയിൽവേ സ്റ്റേഷൻ റോഡുകളാണ് കൂടുതൽ ദുരിതമായത്.
റെയിൽവേ സ്റ്റേഷൻ, കോർപ്പറേഷൻ ഓഫീസ്, ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, വാട്ടർ അതോറിട്ടി ഓഫീസ്, എ.ആർ ക്യാമ്പ് തുടങ്ങി പ്രധാനപ്പെട്ട സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന റോഡിനാണ് ഈ ദുർഗതി.
ക്യു.എ.സി, റെയിൽവേ സ്റ്റേഷൻ - ഫാത്തിമ മാതാ കോളേജ് ഭാഗത്തെ റോഡാണ് ആദ്യം വെട്ടിപ്പൊളിച്ചത്. ജനങ്ങളുടെ ദുരിതം വർദ്ധിച്ചതോടെ കുഴികൾ മെറ്റിലിട്ട് ഉറപ്പിച്ച് റോഡ് സഞ്ചാര യോഗ്യമാക്കിയെങ്കിലും താമസിയാതെ അവ ഇളകി കുഴികളായി.
 പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിക്കുഴിച്ച അയത്തിൽ- ചെമ്മാൻമുക്ക് റോഡ് നാട്ടുകാർക്ക് ബാദ്ധ്യതയായി.
 മെറ്റിൽ വിരിച്ച് കുഴികൾ അടച്ചു തുടങ്ങിയെങ്കിലും പൂർണ്ണമായില്ല.
 വിമല ഹൃദയ സ്കൂൾ മുതൽ അയത്തിൽ വരെ രണ്ടര കിലോമീറ്റർ ദൂരം ചെളി നിറഞ്ഞു.
 ബെൻസിംഗർ ആശുപത്രി - താമരക്കുളം റോഡിലും കുഴികൾ.
 ചിന്നക്കട - കൊച്ചുപിലാംമൂട് റോഡും തകർന്നു.
 കൊച്ചുപിലാംമൂട് - പളളിത്തോട്ടം റോഡിലും നിറയെ കുഴികൾ രൂപപ്പെട്ടു.