 
പടിഞ്ഞാറെ കല്ലട : ശാസ്താംകോട്ട കരുനാഗപ്പള്ളി റൂട്ടിൽ ആഞ്ഞിലിമൂട് ജംഗ്ഷന് സമീപം സഫലി മുസ്ലിം പള്ളിക്ക് മുന്നിൽ റോഡിലേക്ക് ചാഞ്ഞ് ഏതുനിമിഷവും നിലം പതിച്ചേക്കാവുന്ന നിലയിൽ നിന്ന മരം കഴിഞ്ഞദിവസം അധികൃതർ മുറിച്ചുമാറ്റി. യാത്രക്കാർ സൂക്ഷിക്കണേ മരം ചാഞ്ഞ് വീഴാറായി എന്ന കേരള കൗമുദി വാർത്തയെ തുടർന്നാണ് നടപടി. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ താലൂക്ക് വികസന സമിതിയുടെയും ദുരന്തനിവാരണ സമിതിയുടെയും യോഗത്തിലാണ് അടിയന്തര തീരുമാനമെടുത്തത്. മാസങ്ങൾക്കു മുമ്പ് നാട്ടുകാർ മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും കുന്നത്തൂർ മോട്ടോർ വാഹന വകുപ്പ് അധികൃതർ വനംവകുപ്പിനും ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. മരം മുറിച്ച് മാറ്റാൻ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ സന്തോഷ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത എന്നിവർ നേതൃത്വം നൽകി.