kaval

കൊല്ലം: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ദേശീയപ്രസ്ഥാനത്തിന്റെ തിളയ്ക്കുന്ന ഓർമ്മകളുമായി ഒരാൾ ഇങ്ങ് തങ്കശ്ശേരി കാവലിലുണ്ട്.

സ്വാതന്ത്ര്യത്തിനായി പോരാടിയത് പിറന്ന നാടിനോടുള്ള കടമയായിരുന്നുവെന്ന് പറഞ്ഞ് സ്വാതന്ത്ര്യ സമരസേനാനി പെൻഷൻ വേണ്ടെന്ന് വച്ച തങ്കശേരി കാവൽ ഈച്ചംപറമ്പിൽ വീട്ടിൽ ആർ. നടേശൻ. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോൾ ആർ. നടേശൻ നൂറ് വയസ് തികഞ്ഞതിന്റെ തിളക്കത്തിൽ കൂടിയാണ്.

പ്രായം തളർത്തും വരെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ ശുഭ്രസാന്നിദ്ധ്യമായിരുന്നു ആർ. നടേശൻ. ആർ.എസ്.പിയുടെ ആദ്യകാല നേതാക്കളിൽ പ്രമുഖനാണ്. ശ്രീകണ്ഠൻ നായർ, ടി.കെ. ദിവാകരൻ, ബേബിജോൺ എന്നിവർക്കൊപ്പം തൊഴിലാളി മുന്നേറ്റങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. പാർവതി മിൽ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ആർ.എസ്.പി കൊല്ലം മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി, മുനിസിപ്പൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തങ്കശേരി കാവടത്തിന് മുന്നിൽ ബ്രട്ടീഷുകാർ ഒരു കാവൽക്കാരനെ നിറുത്തിയിരുന്നതായി ചരിത്രത്തിലുണ്ട്. ഇപ്പോഴുള്ളവരിൽ ആ കാവൽക്കാരനെ നേരിൽ കണ്ടിട്ടുള്ളത് ആർ. നടേശൻ മാത്രമാണ്. ഈഴവസമുദായങ്ങളുടെ കൂട്ടായ്മയായിരുന്ന കരാമുക്ക് സമുദായത്തിന്റെ രക്ഷാധികാരിയുമായിരുന്നു.

തങ്കശേരി കാവലിലെ എല്ലാ പൊതുകാര്യങ്ങളുടെയും സ്വകാര്യ ചടങ്ങുകളുടെയും കാര്യക്കാരൻ ആർ. നടേശനായിരുന്നു. പ്രദേശത്തെ വിവാഹങ്ങളുടെ ക്ഷണക്കത്ത് ആദ്യം നൽകിയിരുന്നതും അദ്ദേഹത്തിനാണ്. കാവലിൽ ചെറിയ വസ്ത്രവ്യാപാര സ്ഥാപനം നടത്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. പരേതയായ ആർ. ഇന്ദിരയാണ് ഭാര്യ. ഐ. മഞ്ജു, എൽ ഷീബ, എൻ. ട്രോയി, ഐ. പ്രീത എന്നിവർ മക്കളും ഗിരീഷ്, ദിലീപ്കുമാർ, ശീതൾ, കെ.കെ. ഷാജി എന്നിവർ മരുമക്കളുമാണ്.

നൂറു വയസ്സ് തികയുന്ന കാവൽ നഗർ രക്ഷാധികാരി കൂടിയായ ആർ. നടേശനെ നഗർ ഭാരവാഹികൾ വസതിയിലെത്തി ആദരിച്ചു. പ്രസിഡന്റ്‌ എച്ച്. നൗഷാദ്, സെക്രട്ടറി കെ. രാജേന്ദ്രൻ, ട്രഷറർ എസ്. ബെഞ്ചമിൻ, ജോയിന്റ് സെക്രട്ടറി ടി. സുനിൽ കുമാർ, കമ്മിറ്റി അംഗങ്ങളായ എഫ്. ഫെലിക്സ് ജോയി, എം. വിനേഷ്‌കുമാർ, സുരേഷ് ജോസഫ്, ജെ. അലക്സ്‌, പി.ജെ. പ്രദീപ്‌ കുമാർ, പി. സന്തോഷ്‌കുമാർ, ആർ. നടേശന്റെ മകൻ കൂടിയായ എൻ. ട്രോയി, പ്രഭ മേരി, രശ്മി എന്നിവർ നേതൃത്വം നൽകി. പൊന്നാടയും മോമെന്റൊയും നൽകി ആദരിച്ചു.