അഞ്ചൽ: തടിക്കാട്ടിൽ രണ്ടരവയസുകാരനെ ഒരു രാത്രി മുഴുവൻ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മരവിച്ചു. രണ്ടു മാസം പിന്നിട്ടിട്ടും ഒരു തുമ്പും കണ്ടത്താൻ അഞ്ചൽ പൊലീസിന് കഴി‌ഞ്ഞില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് മെഡിക്കൽ രേഖകൾ ഉൾപ്പെടെ പല തെളിവുകളും ലഭിച്ചിട്ടും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പൊലീസിന് പിടികൂടാനായില്ല. കുട്ടിയെ കാണാതായ ദിവസം രാത്രി ശക്തമായ മഴപെയ്തിട്ടും അടുത്ത ദിവസം കുട്ടിയെ കാണുമ്പോൾ ഒരു തുള്ളി വെള്ളം പോലും കുട്ടിയുടെ വസ്ത്രത്തിലോ ശരീരത്തിലോ കണ്ടെത്താനായില്ല. മാത്രമല്ല തനിക്ക് രാത്രിയിൽ ഒരാൾ ആഹാരം കഴിക്കാൻ നൽകിയെന്നും കുട്ടി ചില ബന്ധുക്കളോട് വെളിപ്പെടുത്തിയതായും പറപ്പെടുന്നു. പ്രതികളെ പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും സമരം ആരംഭിക്കുകയും ചെയ്തെങ്കിലും പൊലീസിന് ഒരു കുലുക്കവുമില്ല. സംഭവത്തിന് പിന്നിലെ ദുരൂഹത അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പൊലീസ് അനാസ്ഥ വെടിയണമെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ആലഞ്ചേരി ജയചന്ദ്രൻ ആവശ്യപ്പെട്ടു.