muttara
കൃഷി വകുപ്പ് ഉദ്യോഗസ്ഥർ മുട്ടറ ഉദയ ഭാനുവിന്റെ പാടത്തു പരിശോധന നടത്തുന്നു

കൊട്ടാരക്കര: അഞ്ചേക്ക‌ർ പാടത്ത് വിതച്ച പ്രത്യാശ നിരാശപ്പെടുത്തിയ വേദനയിലാണ് മുട്ടറ ഉദയഭാനുവെന്ന ക‌ർഷകൻ. റിട്ട. തഹസീൽദാറായ മുട്ടറ ഉദയഭാനു മുട്ടറ ക്ഷേത്രത്തിനു സമീപമുള്ള അഞ്ച് ഏക്കർ പാടത്ത് ചെയ്ത നെൽക്കൃഷിയാണ് 90 ശതമാനവും പതിരായി പോയത്.

ജില്ലാ വിത്തുത്പ്പാദന കേന്ദ്രത്തിൽ നിന്ന് വാങ്ങിയ പ്രത്യാശ ഇനം വിത്ത് ഏറെ പ്രതീക്ഷയോടെയാണ് കൃഷി ചെയ്തത്. എല്ലാ വിധ പരിചരണവും സംരക്ഷണവും നൽകി. കതിരുകൾ നിരന്നു കഴിഞ്ഞപ്പോഴാണ് പതിരാണെന്ന സത്യം മനസിലായത്. സാധാരണ അഞ്ചേക്കർ പാടത്തുനിന്ന് ആറുടൺ നെല്ല് ലഭിക്കുമായിരുന്നു. കതിർകുലകളിൽ ഫംഗസ് ബാധയുണ്ടായതാണോ, ജനിതക മാറ്റം സംഭവിച്ച വിത്തായിരുന്നോ, അതോ അന്തക വിത്തായിരുന്നോ എന്നു ബന്ധപ്പട്ടവർ നേരിട്ട് കൃഷിയിടം പരിശോധിച്ച് കണ്ടെത്തണമെന്ന് ഉദയഭാനു ആവശ്യപ്പെടുന്നു.

നെല്ല് പതിരായതോടെ വകുപ്പു മന്ത്രിക്കും,കാർഷിക ഗവേഷണ കേന്ദ്രത്തിനും വെളിയംകൃഷി ഭവനും പരാതി നൽകിയിരുന്നു. അതിൽ സദാനന്ദപുരം കാർഷിക ഗവേഷണ കേന്ദ്രത്തിലെയും വെളിയം കൃഷിഭവനിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയശേഷം ഫംഗസ് ബാധയാണെന്നും തുടർക്കൃഷിക്ക് ഇതേ അവസ്ഥയുണ്ടാകാതിരിക്കാൻ മരുന്നു തളിക്കണമെന്നും നിർദ്ദേശിച്ചു. എന്നാൽ മരുന്നു തളിച്ചാൽ ആ വൈക്കോൽ പിന്നീട് കന്നുകാലികൾക്കുപോലും കൊടുക്കാൻ കൊള്ളില്ലാത്തതിനാൽഉദയഭാനും അങ്ങനെ ഒരു സാഹസത്തിനു മുതിർന്നില്ല. ഉദ്ദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാതായി ഉദയഭാനു പറഞ്ഞു. എന്നാലും ജൈവ നെൽകൃഷിയിൽ നിന്ന് പിന്തിരിയില്ലെന്ന് മണ്ണിനെ സ്നേഹിക്കുന്ന ഉദയഭാനു പറയുന്നു.