കൊല്ലം :കരുനാഗപ്പള്ളി നഗരസഭയെയും ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പത്മനാഭൻജെട്ടിയിൽ പാലം വേണമെന്ന തദ്ദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. കരുനാഗപ്പള്ളിയുടെയും ആലപ്പാട്ടിന്റെയും തെക്കേ അറ്റത്തുള്ള മുനമ്പാണ് പത്മനാഭൻ ജെട്ടി. ഇവിടെ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ട്. മഴക്കാലത്ത് കടത്തു വള്ളത്തിൽ അപകടം പറ്റുന്നത് പതിവാണ്. ഇതി പരിഹരിക്കാൻ വേണ്ടിയാണ് പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പാലം യാഥാർഥ്യമാകുന്നതോടെ ആലപ്പാടിന്റെ തെക്കേ അറ്റത്തുള്ള വെള്ളനാതുരത്ത് ഭാഗത്തേക്കും തിരികെ ദേശീയപാതയിലെ കന്നേറ്റി കരോട്ട് ജംഗ്ഷനിലേക്കും വേഗത്തിൽ എത്താനാകും. മുനിസിപ്പാലിറ്റിയിൽ കോഴിക്കോട് ഭാഗത്താണ് മത്സ്യത്തൊഴിലാളികൾ ഏറെ താമസിക്കുന്ന സുനാമി ടൗൺഷിപ്പുകൾ കൂടുതലുള്ളത്.ഐ.ആർ.ഇ സെറ്റിൽമെന്റ് കോളനിയും ഇവിടെയാണ്. ഇതുവഴി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്ക് വേഗത്തിൽ തീരദേശത്തേക്ക് എത്താനാകും.
10 കോടി എവിടെ
പണിയ്ക്കർ കടവിൽ നിന്ന് വെള്ളനാതുരുത്തിലേക്കുള്ള റോഡ് കടലാക്രമണത്തിൽ തകർന്നുകിടക്കുകയാണ്. ഈ പാലം യാഥാർത്ഥ്യമായാൽ വലിയ യാത്രാക്ലേശത്തിന് പരിഹാരമാകും. രണ്ട് വർഷം മുമ്പ് 10 കോടി രൂപ അനുവദിച്ചതായി ഇരു കരകളിലും ഫ്‌ള്ക്‌സ് ബോർഡുകൾ ഉയരുകയും നിരവധി തവണ മണ്ണ് പരിശോധന നടക്കുകയും ചെയ്തു. എന്നാൽ നാളിതുവരെയായി യാതൊരുവിധ തുടർനടപടിയും ഉണ്ടായിട്ടില്ല
പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
പാലം വേണമെന്ന ആവശ്യവുമായി വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. സമരസമിതിയുടെ ആലോചനായോഗത്തിൽ വരുൺ ആലപ്പാട് അദ്ധ്യക്ഷനായി. ബോബൻ.ജി.നാഥ്, ഓമനദാസ്, സുഭാഷ്‌ബോസ്, ബി.മോഹൻദാസ്, പത്മലാൽ, ശ്യാംകുമാർ എന്നിവർ സംസാരിച്ചു.21ന് കരുനാഗപ്പള്ളി ടൗൺക്ലബ്ബിൽ വെച്ച് സമരസമിതിയുടെ പ്രഥമ കൺവെൻഷൻ കൂടുവാൻ തീരുമാനിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.