neela

കൊല്ലം: കഴിഞ്ഞ ഒരുമാസത്തിനിടയിൽ പത്തനാപുരം പാടത്തും ഓയൂരിലും കണ്ടത് കടുവയോ പുലിയോ അല്ല, അപൂർവ വന്യജീവിയായ നീലഗിരിക്കടുവയാണെന്ന് പുതിയ നിഗമനം. പ്രമുഖ വന്യജീവി ശാസ്ത്രജ്ഞനായ ഡിജോ തോമസാണ് തന്റെ നിഗമനം സംബന്ധിച്ച ശാസ്ത്രീയ തെളിവുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

പത്തനാപുരത്ത് ഇറങ്ങിയ വന്യജീവി ഒരു പശുക്കുട്ടിയെയും കൊണ്ടാണ് പോയത്. അതിന് മുമ്പ് പത്തനാപുരം വെള്ളംതെറ്റി, കടശേരി ഭാഗങ്ങളിൽ ആട്, കോഴി, വളർത്തുനായകളെയും ആക്രമിച്ച് ഭക്ഷിച്ചു. ഓയൂരിൽ ആറുമാസം പ്രായമുള്ള മുട്ടനാടിനെയാണ് കൊന്ന് ഭക്ഷിച്ചത്. പത്തനാപുരത്ത് ഇറങ്ങിയത് കടുവയെന്നായിരുന്നു പ്രചാരണം. ഓയൂരിലിറങ്ങിയത് പുലിയെന്നായിരുന്നു ആദ്യ അഭ്യൂഹം. പിന്നീട് കാട്ടുപൂച്ചയാണെന്ന് പറഞ്ഞ് വനം വകുപ്പ് തർക്കങ്ങൾക്ക് താത്കാലിക വിരാമമിട്ടു.

എന്തുകൊണ്ട് നീലഗിരിക്കടുവ?

1. ഓയൂരിൽ കണ്ട വന്യജീവയുടെ കാൽപ്പാടിന് 12 സെന്റിമീറ്റർ നീളം

2. പുലിയുടെ കാൽപ്പാടിന് 8 സെന്റി മീറ്റർ നീളമേ ഉണ്ടാകു

3. കടുവ, നീലഗിരിക്കടുവ, സിംഹം എന്നിവയ്ക്കാണ് 8 സന്റിമീറ്ററിൽ കൂടുതൽ നീളമുള്ള കാൽപ്പാടുള്ളത്

4. എന്നാൽ കടുവയുടെ നഖം ആഴത്തിൽ പതിയില്ല

5. ആക്രമണ സമയത്ത് മാത്രമാണ് നഖം പുറത്തേക്ക് വരുന്നത്

6. ഓയൂരിൽ കണ്ട കാൽപ്പാടുകളിൽ നഖം ആഴത്തിൽ പതിഞ്ഞിട്ടുണ്ട്

7. നീലഗിരിക്കടുവയുടെ വിരലുകൾ ആഴത്തിൽ പതിയും

8. ചുവപ്പ് കലർന്ന കാപ്പിപ്പൊടി നിറവും ഇളം വരകളും ഉണ്ടാകും

9. ഓയൂരിലെ വീട്ടമ്മ ഈ അടയാളങ്ങളാണ് പങ്കുവച്ചത്

10. കടുവ, പുലി എന്നിവയ്ക്ക് മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാതെ ഒളിഞ്ഞിരിക്കാനാവില്ല

11. നായയേക്കാൾ ബുദ്ധിയുള്ള നീലഗിരിക്കടുവയ്ക്ക് ഒളിഞ്ഞിരിക്കാനാകും

12. അതുകൊണ്ടാണ് വല്ലപ്പോഴും മാത്രം ജനശ്രദ്ധയിൽ വരുന്നത്

പൂച്ചയുടെയും നായയുടെയും സങ്കരയിനം

പൂച്ചയുടെയും നായയുടെയും സങ്കരയിനത്തിന് പരിണാമം സംഭവിച്ച് നീലഗിരിക്കടുവ ഉണ്ടായെന്നാണ് ഡിജോ തോമസിന്റെ നിഗമനം. അതുകൊണ്ട് തന്നെ ഇവയുടെ പ്രത്യേകതകൾ ഈ മൃഗത്തിനുണ്ട്. വനവാസികൾക്കിടയിൽ നായ്പ്പുലി, പട്ടിക്കടുവ, പട്ടിപ്പുലി എന്നീ പേരുകളിൽ അറിയപ്പെടുന്നുണ്ട്. കടുവയും പുലിയും മനുഷ്യനെ ആക്രമിക്കും. പക്ഷേ നീലഗിരിക്കടുവ തിരിച്ച് ആക്രമിക്കില്ല. പത്തനാപുരം, ഓയൂർ എന്നിവിടങ്ങൾക്ക് മുമ്പ് സമീപ പ്രദേശങ്ങളായ വർക്കല, കിളിമാനൂർ എന്നിവിടങ്ങളിൽ ഈ മൃഗം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ നാട്ടുകാർ അടിച്ചോടിച്ചെങ്കിലും തിരിച്ച് ആക്രമിച്ചിട്ടില്ല. പൂർണ വളർച്ചയെത്തിയതിന് കടുവയോളം പൊക്കമുണ്ടാകും.

തെരുവ് നായ്ക്കളെ ഒതുക്കാം

നായകളാണ് നീലിഗിരിക്കടുവയുടെ പ്രധാന ഭക്ഷണം. കാടാണ് ആവാസസ്ഥലമെങ്കിലും 150 കിലോമീറ്ററോളം താണ്ടി ഈ മൃഗം നാട്ടിലേക്ക് എത്തുന്നത് നായയെ പിടിക്കാനാണ്. നായകളെ കിട്ടാതെ വരുമ്പോഴാണ് മറ്റ് മൃഗങ്ങളെയും പക്ഷി വർഗങ്ങളെയും ഭക്ഷണമാക്കുന്നത്. നീലഗിരിക്കടുവയെ സംരക്ഷിച്ചാൽ നാട്ടിൽ നിലവിലുള്ള തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണാമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ദീർഘകാലത്തെ നിരീക്ഷണത്തിലൂടെയാണ് നീലിഗിരിക്കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കടുവ, പുലി എന്നീ ഇനങ്ങളേക്കാൾ വംശനാശ ഭീഷണി നേരിടുന്ന വനജീവിയാണിത്. അതുകൊണ്ട് തന്നെ സംരക്ഷിക്കപ്പെടണം. വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതിനുള്ള നഷ്ടപരിഹാരം നൽകാൻ കഴിയാത്തതിനാലാണ് വനം വകുപ്പ് നീലിഗിരിക്കടുവയെ അംഗീകരിക്കാത്തത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നീലിഗിരിക്കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ വനം വകുപ്പ് തയ്യാറാകണം.

ഡിജോ തോമസ്

വന്യജീവി ശാസ്ത്രജ്ഞൻ