 
എഴുകോൺ : സഹപ്രവർത്തക തൊട്ടടുത്ത റെയിൽവേ ട്രാക്കിൽ ട്രെയിനടിപ്പെട്ട് മരിച്ച് മണിക്കൂറുകളോളം കിടന്നത് അറിയാതെ പോയതിന്റെ ഞെട്ടലിലാണ് എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ ജീവനക്കാർ. നഴ്‌സിംഗ് ഓഫീസറായ എസ്.എസ്. ബിന്ദുവാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 നുള്ള ചെന്നൈ എഗ്മോർ എക്‌സ്പ്രസിന് അടിപ്പെട്ടതെന്ന് പുറം ലോകം അറിഞ്ഞത് രാത്രി 7ന് ശേഷമാണ് .എഴുകോൺ ഇ.എസ്.ഐ. ആശുപത്രിക്ക് സമീപത്ത് നിന്ന് ദേശീയ പാതയിലേക്ക് എത്താൻ പാളം മുറിച്ചു കടക്കുന്നയിടത്താണ് അപകടമുണ്ടായത്. നാലു വർഷമായി എഴുകോണിൽ ജോലി നോക്കുകയാണ് കിളിമാനൂർ സ്വദേശിയായ ബിന്ദു.
അപകടമുണ്ടായതിന് പിന്നാലെ ബിന്ദുവിന്റെ ബാഗും താക്കോലുമൊക്കെ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചെങ്കിലും രാത്രി വൈകിയും ബിന്ദുവാണ് മരണപ്പെട്ടതെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. ബിന്ദുവിന്റെ ഫോൺ ബാഗിലുണ്ടായിരുന്നില്ല. അതും തിരിച്ചറിയൽ വൈകാൻ ഇടയാക്കി. പിന്നീട് താമസിക്കുന്ന സ്ഥലത്ത് നിന്നാണിത് കണ്ടെടുത്തത്.
ബിന്ദുവിനെ ഫോണിൽ ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് ഭർത്താവ് ശ്രീകുമാരൻ നായർ നടത്തിയ അന്വേഷണത്തിലാണ് ബിന്ദുവാണ് മരിച്ചതെന്ന് വ്യക്തമായത്. പ്രവാസിയാണ് ശ്രീകുമാരൻ നായർ. ഏക മകളായ ആര്യശ്രീയുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മൃതദേഹ പരിശോധനയ്ക്ക് ശേഷം കല്ലറയിലെ വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി.