 
ശാസ്താംകോട്ട: കോടികൾ ചെലവഴിച്ച് നിർമ്മിച്ച ശാസ്താംകോട്ട കെ.എസ്.ആർ.ടി .സി ഡിപ്പോ യാഥാർത്ഥ്യമായില്ല. കെ.എസ്.ആർ.ടി.സിയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിപ്പോ ഇനി യാഥാർത്ഥ്യമാകാനും സാദ്ധ്യത ഇല്ല. ഓരോ നിയോജക മണ്ഡലത്തിലും ഓരോ കെ.എസ്.ആർ.ടി.സി ഡിപ്പോ എന്ന നിലയിലാണ് കുന്നത്തൂർ നിയമസഭാ മണ്ഡലത്തിന്റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ 2005 ൽ ഡിപ്പോ ആരംഭിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഡിപ്പോയും പൂട്ടി
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതു ചന്തയുടെ ഭാഗമായ ലക്ഷങ്ങൾ വിലമതിക്കുന്ന 50 സെന്റ് ഭൂമി ഇതിനായി വിട്ടു നൽകുകയും ശാസ്താംകോട്ടയിലെ വ്യാപാരി വ്യവസായികൾ 10 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് നിർമ്മിച്ചു നൽകുകയും ചെയ്തു. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചത്. ഏതാനും ദീർഘദൂര സർവീസുകൾ അടക്കം ഇവിടെ നിന്ന് സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡിപ്പോയുടെ പ്രവർത്തനവും നിലച്ചു.
സൗകര്യങ്ങളൊരുക്കി , പക്ഷേ
ഡിപ്പോ പ്രവർത്തിക്കാത്തതിൽ പ്രതിഷേധം ഉയർന്നപ്പോൾ ഗാരേജ് ഇല്ലാതെ ഡിപ്പോ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന ന്യായവുമായി കെ.എസ്.ആ.ടി.സി രംഗത്ത് വന്നു. തുടർന്ന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് കുന്നത്തൂരിലെ മറ്റ് പഞ്ചായത്തുകളുടെ സഹായത്തോടെ പണം കണ്ടെത്തി ഗാരേജിന് സ്ഥലം വാങ്ങുകയും കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകി കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. എന്നാൽ ഡിപ്പോ പ്രവർത്തനം ആരംഭിച്ചില്ല .ശക്തമായ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് തടസമായി നിന്നത്.
പാർക്കിംഗും ഗോഡൗണുമെല്ലാം ഇവിടെ
ഇപ്പോൾ ശാസ്താംകോട്ടയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും താലൂക്ക് ആശുപത്രിയിലെ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നതും സമീപത്തെ കടകളിലെ സാധനങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള സ്ഥലമായി ഡിപ്പോ മാറി. രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും സമ്മേളനങ്ങളും പൊതുപരിപാടികളും നടത്തുന്നതും ഇപ്പോൾ ഇവിടെയാണ്. ശാസ്താംകോട്ടയിലും സമീപപ്രദേശങ്ങളിലും നാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാമഗ്രികൾ സൂക്ഷിക്കുന്നത് പോലും ഇവിടെയാണ്. ഡിപ്പോയുടെ ഭാഗമായിരുന്ന കുറച്ചു സ്ഥലത്ത് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പണി കഴിപ്പിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം നടന്നു വരികയാണ്.