amritha-hospital

കൊല്ലം: ആതുര ശുശ്രൂഷാ രംഗത്ത് മാതാ അമൃതാനന്ദമയിയുടെ പുതിയ കാരുണ്യസ്‌പർശമായ ഫരീദാബാദ് അമൃത ഹോസ്പിറ്റൽ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. ആശുപത്രി പൂർണതോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയുമാകും. ഉദ്ഘാടന ചടങ്ങിൽ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ തുടങ്ങിയവർ പങ്കെടുക്കും. മാതാ അമൃതാനന്ദമയിയുടെ സാന്നിദ്ധ്യവുമുണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് 19 ന് 108 പുരോഹിതരുടെ കാർമ്മികത്വത്തിൽ ആശുപത്രി പരിസരത്ത് മഹാഹോമം നടക്കും.

സ്പെഷ്യാലിറ്റികൾ

ഒരു കുടക്കീഴിൽ

സൂപ്പർ സ്പെഷ്യാലിറ്റി ഹൃദ്രോഗ ഇൻസ്റ്റിറ്റ്യൂട്ട്, അർബുദ നിർണയ- ചികിത്സാ ഇൻസ്‌റ്റിറ്റ്യൂട്ട്, അവയവം മാറ്റിവയ്ക്കൽ സെന്ററുകൾ, അപസ്മാര ചികിത്സയ്ക്കും ന്യൂറോ സയൻസിനുമായി അത്യാധുനിക സെന്റർ, പ്രമേഹ ഇൻസ്റ്റിസ്റ്റ്യൂട്ട്, കരൾരോഗ ചികിത്സാ കേന്ദ്രം,​ റോബോട്ടിക് സർജറി സെന്റർ, തീപ്പൊള്ളൽ വിഭാഗം, അസ്ഥി- സന്ധിരോഗ വിഭാഗം, ശ്വാസകോശരോഗ ചികിത്സ, നട്ടെല്ലിന്റെ രോഗങ്ങൾക്ക് ആത്യാധുനിക യൂണിറ്റ് തുടങ്ങി 81 സ്പെഷ്യാലിറ്റി യൂണിറ്റുകളുണ്ടാകും.

ഓരോ വിഭാഗത്തിനും പ്രത്യേക ശിശുരോഗ വിഭാഗമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ശിശുരോഗ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കൂടിയാകും അമൃത ഹോസ്പിറ്റൽ. 534 ക്രിട്ടിക്കൽ കെയർ കിടക്കകൾ, 64 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, റോബോട്ടിക് ലബോറട്ടറി, ഒൻപത് കാത്ത് ലാബുകൾ, സ്മാർട്ട് ക്ലിനിക്കൽ ലാബ്, 10 റേഡിയേഷൻ ഓങ്കോളജി ബങ്കറുകൾ തുടങ്ങിയവയുമുണ്ട്.

ഗവേഷണങ്ങൾക്ക്

പ്രത്യേക ബ്ളോക്ക്

ചികിത്സാരംഗത്തെ നൂതന ഗവേഷണങ്ങൾക്കായി ഏഴു നിലകളുള്ള പ്രത്യേക ബ്ളോക്കാണ് ഒരുക്കുന്നത്. സമഗ്ര ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാം,​ പകർച്ചവ്യാധി കൈകാര്യം ചെയ്യൽ,​ ഗ്രീൻ ബിൽഡിംഗ് ഹെൽത്ത് കെയർ പദ്ധതി എന്നിവയിൽ രാജ്യത്തെ ഏറ്റവും മികച്ച സജ്ജീകരണങ്ങളും ഉണ്ടാകും.

കമന്റുകൾ

...................

ഇന്ത്യയിൽ ആദ്യമായി ഇരുകൈകളും,​ തോൾ മുതൽ മുഴുവനായും മാറ്റിവച്ചുള്ള ശസ്ത്രക്രിയ നടത്തി ട്രാൻസ്‌പ്ലാന്റ് രംഗത്ത് മാറ്റത്തിനു തുടക്കമിട്ട കൊച്ചി അമൃത ആശുപത്രിയുടെ പാരമ്പര്യം ഫരീദാബാദ് അമൃത ആശുപത്രിയിലൂടെ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് എത്തും

ഡോ. സഞ്ജീവ് കെ. സിംഗ്

റസിഡന്റ് മെഡി. ഡയറക്ടർ

ഫരീദാബാദ് അമൃത ഹോസ്പിറ്റൽ

25 വർഷം മുമ്പ് തുടങ്ങിയ 1,200 കിടക്കകളുള്ള കൊച്ചി അമൃത ആശുപത്രിയുടെ പാരമ്പര്യം പിന്തുടർന്നാകും ഫരീദാബാദ് ആശുപത്രിയുടെ പ്രവർത്തനം

ഡോ. പ്രേം നായർ,

മെഡി. ഡയറക്ടർ,

അമൃത ഹോസ്പിറ്റൽ ഗ്രൂപ്പ്

..........................................

ആശുപത്രി കാമ്പസ്: 133 ഏക്കർ

ആശുപത്രി വിസ്തീർണം: ഒരു കോടി ച.അടി

ആശുപത്രി സമുച്ചയം: 11 ഏക്കർ വീതം 14 ടവറുകൾ

ലക്ഷ്യമിടുന്ന കിടക്കകൾ: 2400

ആദ്യഘട്ടം: 500 കിടക്കകൾ