കൊല്ലം: സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്ക് ജില്ലയിലെ കുടുംബശ്രീ വനിതാ സംരംഭകരുടെ അഞ്ചര ലക്ഷം പായ്ക്കറ്റ് ഉപ്പേരിയും ശർക്കര വരട്ടിയും തയ്യാറാകുന്നു. പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉൾപ്പെടെ 32 രൂപ വില വരും. കഴിഞ്ഞ ഓണത്തിന് രണ്ടര ലക്ഷം പായ്ക്കറ്റ് ചിപ്സാണ് സിവിൽ സപ്ളൈസ് വകുപ്പിന് ജില്ലയിലെ കുടുംബശ്രീ സംരംഭകർ നൽകിയത്. ഇക്കൊല്ലം നേരത്തെ തന്നെ ചിപ്സ് നിർമ്മാണം ആരംഭിച്ചു. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ സപ്ളൈകോ ഡിപ്പോകളിൽ 10,000 മുതൽ 15,000 വരെ പായ്ക്കറ്റുകൾ എത്തിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്ത അൻപതോളം കുടുംബശ്രീ സംരംഭകരും കാർഷിക മൂല്യവർദ്ധിത ഗ്രൂപ്പുകളുമാണ് ചിപ്സ് നിർമ്മാണത്തിൽ പങ്കാളികളാകുന്നത്.

ഓണത്തിന് വാഹനത്തിലും വില്പന

ഓണക്കാലത്ത് കുടുംബശ്രീ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മൊബൈൽ മാർക്കറ്റിംഗ് സംവിധാനവും ഉപയോഗിക്കും. പത്തനാപുരം ആസ്ഥാനമായുള്ള മൊബൈൽ മാർക്കറ്റിംഗ് വാഹനം ഉത്പന്നങ്ങൾ സമാഹരിച്ച് വിവിധ കേന്ദ്രങ്ങളിൽ വില്പന നടത്തും. വനിതാ സംരംഭക കൂട്ടായ്മയായ സേവികയുടെ നേതൃത്വത്തിൽ മൊബൈൽ വിപണന യൂണിറ്റും പ്രവർത്തിക്കും.