bus

കൊല്ലം: യാത്രക്കാരുടെ ജീവന് ഭീഷണിയായി സ്വകാര്യബസിന്റെ മരണപാച്ചിലും ഓവർടേക്കിംഗും. വിളക്കുപാറ- കൊല്ലം റൂട്ടിലോടുന്ന ബസാണ് അപകടകരമായ രീതിയിൽ സർവീസ് നടത്തിയത്. ഇന്നലെ രാവിലെ 9.40ന് അഞ്ചാലുംമൂട് ബസ് സ്റ്റോപ്പിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട ബസ്, നിരവധി വാഹനങ്ങളെ അമിതവേഗതയിൽ മറികടക്കുകയും അവ റോഡിന് പുറത്തേക്ക് ഓടിച്ചു മാറ്റേണ്ട അവസ്ഥയിൽ മുന്നിൽ കയറ്റി നിറുത്തുകയും ചെയ്തു. ബൈപാസിൽ കടവൂർ ജംഗ്‌ഷനിലുള്ള ട്രാഫിക് സിഗ്നലും തെറ്റായ രീതിയിലാണ് കടന്നുപോയത്. അഞ്ചാലുംമൂട് മുതൽ ഹൈസ്‌കൂൾ ജംഗ്‌ഷൻ വരെയുള്ള യാത്രയിൽ മറ്റൊരു വാഹനത്തിനും സൈഡ് കൊടുത്തില്ലെന്ന് മാത്രമല്ല, മറികടക്കാൻ ശ്രമിക്കുന്നവരെ അസഭ്യം പറയാനും ഡ്രൈവർ മറന്നില്ല. റോഡിന് നടുവിൽ ബസ് നിറുത്തി യാത്രക്കാരെ കയറ്റുകയും മറ്റുള്ളവ കടന്നുപോകാൻ അനുവദിക്കാതിരിക്കുകയും ചെയ്‌തതിനെ തുടർന്ന് കൊല്ലം ഭാഗത്തേക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. സ്വതവേ വീതിക്കുറവുള്ള റോഡിൽ ഇത്തരത്തിൽ നിരവധി സ്വകാര്യബസുകൾ അപകടകരമായ രീതിയിൽ സർവീസ് നടത്തിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, ഇത്തരത്തിൽ മാത്രമേ സർവീസ് നടത്താൻ കഴിയുകയുള്ളുവെന്നാണ് ബസ് ഉടമയുടെ പ്രതികരണം.