പരവൂർ : ഒഴുകുപാറ പുന്നമൂക്കിൽ നിന്ന് ചിറക്കര ഭാഗത്തേക്കുള്ള റോഡിന്റെ വശങ്ങൾ കാടുമൂടിയത് യാത്രക്കാർക്ക് തലവേദനയാകുന്നു.
പോളച്ചിറ, ചിറക്കര ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡിന്റെ ഇരുവശവുമാണ് കാടുകയറിക്കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മാലിന്യം വലിയതോതിൽ കാട്ടിൽ തള്ളുന്നുണ്ട്.
പുന്നമുക്ക് എൽ.പി സ്കൂൾ, അങ്കണവാടി എന്നിവയിലേയ്ക്ക് കുട്ടികൾ പോകുന്ന വഴികൂടിയാണിത്. കുട്ടികളെ തനിച്ചുവിടാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്.
ചിറക്കര പഞ്ചായത്തിന്റെ പരിധിയിലാണ് റോഡ്.
റോഡിന്റെ വശങ്ങളിലെ കാടുവെട്ടിയിട്ട് ഒരു വർഷം കഴിഞ്ഞതായി നാട്ടുകാർ പറയുന്നു. പൂതക്കുളം റോഡിന്റെ വശങ്ങൾ ഒരു മാസം മുമ്പ് വൃത്തിയാക്കിരുന്നു. എന്നാൽ, ഈ റോഡിന്റെ അന്ന് തിരിഞ്ഞുനോക്കിയില്ല. കാട് പടർന്നു നിൽക്കുന്നതിനാൽ യാത്രക്കാർ റോഡിലൂടെ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഇത് അപകടത്തിനിടയാക്കുന്നുണ്ട്.
എം.എൽ.എ മുക്ക് -പുന്നമുക്ക് റോഡിന്റെ വശങ്ങളും കാടുകയറിയിട്ടുണ്ട്. പരിസരവാസികളും യാത്രക്കാരും ക്ലേശത്തിലും വലിയ ഭീതിയിലുമാണ്.