കൊല്ലം: പ്രൊഫ. ശിവപ്രസാദ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രൊഫ. എസ്. ശിവപ്രസാദ് അനുസ്മരണവും കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ എറ്റവും മികച്ച കോളേജ് അദ്ധ്യാപകർക്ക് അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാര വിതരണവും 12ന് ഉച്ചയ്ക്ക് 2ന് കൊല്ലം എസ്.എൻ പബ്ലിക് സ്‌കൂൾ കുമാരനാശാൻ ഓഡിറ്റോറിയത്തിൽ നടക്കും.
പാലാ സെന്റ് തോമസ് കോളേജ് കെമിസ്ട്രി അദ്ധ്യാപകൻ ഡോ. സണ്ണി കുര്യാക്കോസ് (2020), ധനുവച്ചപുരം എൻ.എസ്.എസ് കോളേജിലെ സുവോളജി മുൻ അദ്ധ്യാപകൻ ഡോ. വട്ടവിള വിജയകുമാർ (2021), എറണാകുളം സെന്റ് തെരേസാസ് കോളേജ് ഫിസിക്‌സ് അദ്ധ്യാപിക ഡോ. എം.എസ്. കല (2022) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായവർ. പ്രശസ്തിപത്രവും മൊമന്റോയും 25000 രൂപയുമാണ് പുരസ്‌കാരം.
സംസ്ഥാന കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകാണ് മുഖ്യാതിഥി. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, ഡോ. സി. അനിത ശങ്കർ, വി. ഹേമലത, പ്രൊഫ. ജി. സുരേഷ് തുടങ്ങിയവർ സംസാരിക്കും. ഡോ. എൽ. വിനയകുമാർ കൺവീനറും പ്രൊഫ. കെ. ശശികുമാർ, പ്രൊഫ. ജി. മോഹൻദാസ്, എം.എൽ. അനിധരൻ, ഡോ. അനിതശങ്കർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ, അവാർഡ് നിർണയ കമ്മിറ്റി കൺവീനർ ഡോ. എൽ. വിനയകുമാർ, ഫൗണ്ടേഷൻ ട്രഷറർ പ്രൊഫ. ജി. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.