കൊട്ടാരക്കര: നെടുവത്തൂർ നീലേശ്വരം സമാന്തര റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ല. കൊട്ടാരക്കര മുൻസിപ്പാലിറ്റിയിൽപ്പെട്ട നീലേശ്വരത്തു നിന്ന് നെടുവത്തൂർ താരശ്ശേരി ജംഗ്ഷനിലേക്കു പോകുന്നതിനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ളവർക്ക് പലതവണ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകിന്റെയും മറ്റു പ്രാണികളുടെയും ശല്യം വർദ്ധിച്ചിട്ടുണ്ട്. കാൽനട യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
അടിയന്തരമായി വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് കേരളാ കോൺഗ്രസ് (ബി) നീലേശ്വരം വാർഡ്
കമ്മിറ്റി ആവശ്യപ്പെട്ടു, കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷനായി. നീലേശ്വരം ഗോപാലകൃഷ്ണൻ,പ്രദീപ് കുമാർ, ജയപ്രകാശ്, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.