 
എഴുകോൺ : ദേശീയ പാതയിൽ നിന്ന് എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലേക്ക് പോകുന്നതിന് അടിപ്പാത വേണമെന്ന ആവശ്യം ശക്തമായി.
റെയിൽവേ പാളം മുറിച്ചു കടക്കാതിരിക്കാൻ ഇടവഴികൾ തടഞ്ഞ് ബാരിക്കേഡുകൾ സ്ഥാപിച്ചതോടെയാണിത്. അടുത്തിടെ നിരവധി പേർ ഈ ഭാഗങ്ങളിൽ ട്രെയിനടിപ്പെട്ട് മരിച്ചതോടെയാണ് റെയിൽവേ അധികൃതർ ബാരിക്കേഡുയർത്തിയത്. എഴുകോൺ ഇ.എസ്.ഐ. ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ എസ്.എസ്.ബിന്ദുവാണ് ഏറ്റവും ഒടുവിൽ ഇവിടെ അപകടത്തിൽപ്പെട്ടത്.
കിലോമീറ്ററുകൾ ചുറ്റിത്തിരിയണം
ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ ഇ.എസ്.ഐ, ചീരങ്കാവ് ദേവീക്ഷേത്രം, കെ.എസ്.ഇ.ബി ഓഫീസ്, ഹവ്വാ ബീച്ച്, പുതുശ്ശേരിക്കോണം ഭാഗങ്ങൾ ഒറ്റപ്പെടുന്ന സ്ഥിതിയാണ്.ദേശീയപാതയിൽ നിന്ന് പാളം മുറിച്ച് കടന്ന് ഇ.എസ്.ഐ റോഡിലേക്കെത്താൻ 50 മീറ്റർ ദൂരം പോലും ഇല്ല. എന്നാൽ ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ കിലോമീറ്ററുകൾ ചുറ്റിത്തിരിഞ്ഞ് ഇ.എസ്.ഐ. റോഡിലേക്ക് എത്തേണ്ട ഗതികേടിലാണ് നാട്ടുകാർ.
നാട്ടുകാർ പ്രതിഷേധത്തിൽ
ഇ.എസ്.ഐ യിലേക്കും മറ്റും എത്തുന്നവരെ പോലെ തന്നെ നാട്ടുകാരെയും വലയ്ക്കുന്ന ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. അടിപ്പാത മാത്രമാണ് പരിഹാരമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏറെക്കാലം സജീവമായിരുന്ന ആവശ്യം റെയിൽവേ ഭൂമിയിലൂടെയുള്ള ഇ.എസ്.ഐ റോഡ് ഗതാഗത യോഗ്യമാക്കാൻ അനുവദിച്ചതിനെ തുടർന്നാണ് കെട്ടടങ്ങിയത്. കാൽനടക്കാർ തടസമില്ലാതെ ഇടവഴികൾ ഉപയോഗിക്കുകയും ചെയ്തിരുന്നു.
ബാരിക്കേഡുയർത്തി കാൽനട തടഞ്ഞതോടെ അടിപ്പാത അനിവാര്യമാണെന്ന തിരിച്ചറിവിലാണ് പ്രദേശവാസികളും ജനപ്രതിനിധികളും.
ട്രെയിനുകൾ വേഗത കൂട്ടി, ശബ്ദം കുറച്ചു
എഴുകോൺ റെയിൽവേ സ്റ്റേഷൻ മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ ഏഴു സ്ഥലങ്ങളിൽ പാളം മുറിച്ചു കടക്കുന്ന വഴികളുണ്ട്. ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ വേഗത വർദ്ധിക്കുകയും ശബ്ദം കുറയുകയും ചെയ്തത് അപകട നിരക്ക് ഉയരാൻ കാരണമായി. കൊടും വളവുകളുള്ള സ്ഥലങ്ങളിൽ ട്രെയിൻ അടുത്തു വരുമ്പോൾ മാത്രമേ നേരിൽ കാണാൻ കഴിയൂ. ഇതും അപകട നിരക്ക് ഉയരാൻ കാരണമായി. നെടുമ്പായിക്കുളം റെയിൽവേ ഗേറ്റിനും എഴുകോൺ റെയിൽവേ സ്റ്റേഷനും മദ്ധ്യേയുളള രണ്ടു വളവുകൾ വരുന്ന സ്ഥലങ്ങളിലാണ് ഇന്നലെ ബാരിക്കേഡുകൾ സ്ഥാപിച്ചത്.
പാളം മുറിച്ചു കടക്കുന്ന വഴികളുള്ള അപകടകരമായ സ്ഥലങ്ങൾ കണ്ടെത്തി ഉടൻ ബാരിക്കേഡുകൾ സ്ഥാപിക്കും.
റെയിൽവേ ഉദ്യോഗസ്ഥർ