block

കൊല്ലം: നെടുമ്പന കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വളപ്പിൽ ഉണ്ടായിരുന്ന 5 ലക്ഷം രൂപ വിലവരുന്ന ചന്ദനമരം മുറിച്ചുകടത്തി. 12 അടി ഉയരവും പത്ത് ഇഞ്ച് കനവുമുണ്ടായിരുന്ന മരമാണ് നഷ്ടമായത്.

ചൊവ്വാഴ്ച അർദ്ധരാത്രിയാണ് മോഷണം നടന്നത്. ഈസമയത്തിന് പിന്നാലെ പിക്കപ്പ് വാനിൽ ചന്ദനമരം കൊണ്ടുപോകുന്ന ദൃശ്യം സമീപത്തെ സി.സി ടി.വി കാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ ഐ.പി ബ്ലോക്കിന് സമീപം നിന്ന ചന്ദനമരമാണ് മോഷണം പോയത്. ഇന്നലെ രാവിലെയാണ് മരം നഷ്ടമായ വിവരം ശ്രദ്ധയിൽപ്പെട്ടത്. കണ്ണനല്ലൂർ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിൽ ആശുപത്രി സന്ദർശിച്ച് സൂപ്രണ്ടിൽ നിന്ന് വിവരങ്ങൾ തിരക്കിയറിഞ്ഞു. മോഷ്ടാക്കളെ എത്രയും വേഗം പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഫൈസൽ കുളപ്പാടം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സജാദ് മലേവയൽ, ഷഹീർ മുട്ടയ്ക്കാവ്, റാഷിദ് പാലമൂട്, സിയാദ്, ലത്തീഫ്, അനീഷ് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.