phot
അച്ചൻകോവിൽ വനമേഖലയിൽ നമ്പർ ഇട്ട് നിർത്തിയിരിക്കുന്ന വൃക്ഷങ്ങൾ

പുനലൂർ: തെന്മല, അച്ചൻകോവിൽ വന മേഖലയിൽ ക്ലീയർ ഫില്ലിംഗും ടിന്നിംഗും താത്ക്കാലികമായി നിറുത്തി വച്ചതോടെ പട്ടിണിയിലായിരിക്കുകയാണ് രണ്ടായിരത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും. ആര്യങ്കാവ്, അച്ചൻകോവിൽ തുടങ്ങിയ തടി ഡിപ്പോകളിൽ തടി എത്താത്തതും ക്ലിയർ ഫില്ലിംഗ്,ടിന്നിംഗ് തുടങ്ങിയ ജോലികൾ പുനരാരംഭിക്കാത്തതുമാണ് തൊഴിലാളികളെ പട്ടിണിയിലാക്കിയത്.

വനം വകുപ്പിന്റെ ആനാസ്ഥ

ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചിലെ കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ മാത്രം 1500ഓളം തൊഴിലാളികളുടെ ജോലികളാണ് തടികളുടെ ക്ലിയർ ഫില്ലിംഗ് നടത്താത്തത് കാരണം നഷ്ടപ്പെട്ടത്. 2018ൽ വർക്കിംഗ് പ്ലാൻ തീരുകയും പുതിയ വർക്കിംഗ് പ്ലാൻ അംഗീകരിച്ചെങ്കിലും പണികൾ പുനരാംരംഭിക്കാൻ വനം വകുപ്പ് തയ്യാറായിട്ടില്ല. ആര്യങ്കാവിലും സമീപ പ്രദേശങ്ങളിലും 20 ഓളം തോട്ടങ്ങളിൽ തേക്ക് മരം മുറിക്കുന്നതിന് വനം വകുപ്പ് നമ്പർ ഇട്ട് നിറുത്തിയിരിക്കുകയാണ്. എന്നാൽ തുടർ നടപടികൾ ആരംഭിക്കാത്തതാണ് പ്രശ്നം. ഇതേ അനാസ്ഥയാണ് അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷൻ മേഖലയിലും തുടരുന്നത്

മറ്റ് വരുമാന മാർഗങ്ങളില്ല

തെന്മല തടി ഡിപ്പോയിൽ വല്ലപ്പോഴും തടികൾ എത്തുന്നത് കാരണം തൊഴിലാളി കുടുംബങ്ങൾ ആശ്വാസത്തിലാണ്. കാല വർഷം അടക്കമുള്ള ദുരിതങ്ങൾ തുടരുമ്പോൾ വന മേഖലയെ ആശ്രയിച്ച് കഴിയുന്നവർക്ക് മറ്റ് വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാത്തതും ദാരിദ്യം വർദ്ധിക്കാൻ കാരണമായി. തൊഴിൽ നഷ്ടപ്പെട്ടതോടെ ചില കുടുംബങ്ങൾ താമസം മാറി മറ്റ് സ്ഥലങ്ങളിലേക്ക് പോയി. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കമുള്ള കാര്യങ്ങൾക്ക് പോലും പണം ഇല്ലാത്ത അവസ്ഥയാണ്.

ബഹുജന മാർച്ചും ഉപരോധവും

തൊഴിലാളികളുടെ ദുരിത ജീവിതത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്മല, അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷൻ ഓഫീസുകളിലേക്ക് ബഹുജന മാർച്ചും ഉപരോധവും നടത്തുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ, മണ്ഡലം കമ്മിറ്റി അംഗം കെ.രാജൻ എന്നിവർ അറിയിച്ചു.