dogs

കൊല്ലം: മൃഗസംരക്ഷണ വകുപ്പിന്റെ അനൗദ്യോഗിക കണക്ക് പ്രകാരം നഗരത്തിലുള്ളത് പതിനയ്യായിരത്തോളം തെരുവുനായ്ക്കൾ. എം.ബി.സി പദ്ധതി വൈകുന്നത് അനുസരിച്ച് നായകളുടെ എണ്ണവും കുതിച്ചുയരും.

തുടർച്ചയായി നടപ്പാക്കിയില്ലെങ്കിൽ എ.ബി.സി പദ്ധതികൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല. ഇടവേള ഉണ്ടാകുന്നത് അനുസരിച്ച് നായ്ക്കൾ വീണ്ടും പെറ്റുപെരുകും. കൊല്ലം കോർപ്പറേഷൻ മാത്രം പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാലും നഗരത്തിലെ തെരുവുനായ പ്രശ്നം അവസാനിക്കില്ല. സമീപ പ്രദേശങ്ങളിൽ നിന്നുള്ള നായ്ക്കൾ നഗരത്തിലെത്തും.

മാതൃകയുണ്ട്, കൊച്ചി

കേരളത്തിലെ ഏറ്റവും വലിയ നഗരമായ കൊച്ചിയിൽ തെരുവുനായ് ശല്യം വളരെക്കുറവാണ്. ഇവിടെ സാമ്പത്തിക വർഷത്തിന്റെ അവസാന രണ്ട് മാസം മാത്രം എ.ബി.സി പദ്ധതി നടപ്പാക്കുമ്പോൾ, കൊച്ചിയിൽ എല്ലാ ദിവസവും വന്ധ്യംകരണം നടക്കുന്നുണ്ട്. ഇവിടെ പ്ലാൻ ഫണ്ട് മാത്രമാണ് പദ്ധതിക്കായി വകയിരുത്തുന്നത്. എന്നാൽ, കൊച്ചിയിൽ തനത് ഫണ്ടും വകയിരുത്തുന്നതിനാൽ വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്നില്ല.

ഒരു ജോഡി മൂന്ന്

വർഷംകൊണ്ട് 33000!

കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ കണക്ക് പ്രകാരം ഒരു ജോഡി തെരുവു നായ അനുകൂല സാഹചര്യത്തിൽ മൂന്ന് വർഷത്തിനുള്ളിൽ 33000 ആയി പെരുകും. ഭക്ഷണം, രോഗമില്ലായ്മ എന്നിവയാണ് അനുകൂല സാഹചര്യങ്ങൾ. എന്നാൽ, അത്തരമൊരു സാഹചര്യം ഇവിടെയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

വേണ്ടത് എൻഡ്

എ.ബി.സി പദ്ധതി തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരമല്ല. തെരുവു നായ്ക്കൾ ജനിച്ച് 30 ദിവസത്തിനുള്ളിൽ വന്ധ്യംകരിക്കുന്ന എൻഡ് (ഏർളി ന്യൂട്ടറിംഗ് ഒഫ് ഡോഗ്സ്)എന്ന പുതിയ പദ്ധതി വിദേശരാജ്യങ്ങളിലും രാജ്യത്തെ മെട്രോ നഗരങ്ങളിലും നടപ്പാക്കുന്നു. എ.ബി.സി പദ്ധതിയുടെ ഭാഗമായി ഒരു തെരുവ് നായയെ വന്ധ്യംകരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് 15 മിനിറ്റോളം വേണം. എന്നാൽ, എൻഡിന്റെ ഭാഗമായുള്ള സൂക്ഷ്മ ശസ്ത്രക്രിയയ്ക്ക് കേവലം രണ്ടോ മൂന്നോ മിനിറ്റ് മതി.

എണ്ണം കൂടിയാൽ

അപകടവും കൂടും

ഒരേ സ്ഥലത്ത് തമ്പടിക്കുന്ന തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുമ്പോൾ മനുഷ്യർക്ക് നേരെയുള്ള ആക്രമണ സാദ്ധ്യത കൂടും. പരസ്പരം കടിപിടി കൂടുന്ന ഇവർ അരിശം തീർക്കാൻ അതുവഴി പോകുന്ന യാത്രക്കാർക്ക് നേരെ തിരിയും. എണ്ണം കൂടുമ്പോൾ, കിട്ടുന്ന ഭക്ഷണം പങ്കിടുന്നതിന് വേണ്ടിയുള്ള കടിപിടിയും പതിവാകും.

തെരുവ് നായ്ക്കൾ രണ്ട് തരമുണ്ട്. ഒന്ന് നിരുപദ്രവകാരിൾ. രണ്ടാമത്തേത് വന്യസ്വഭാവമുള്ളവ. ഒരേ സ്ഥലത്ത് അനവധി തെരുവുനായ്ക്കൾ സംഘടിക്കുമ്പോഴാണ് വന്യസ്വഭാവത്തിലേക്ക് മാറുന്നത്. ഇക്കൂട്ടരാണ് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും അക്രമിക്കുന്നത്

ഡോ. ഡി. ഷൈൻകുമാർ

ജില്ലാ കോ- ഓർഡിനേറ്റർ

എ.ബി.സി പദ്ധതി