1-

കൊല്ലം: പൊതുവിതരണ സംവിധാനം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് ജില്ലയിൽ റേഷൻകട തലങ്ങളിൽ വിജിലൻസ് കമ്മി​റ്റികൾ അടിയന്തരമായി രൂപീകരിക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കളക്ടറേ​റ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഭക്ഷ്യസുരക്ഷാ ജില്ലാതല അവലോകന യോഗത്തിലാണ് നിർദ്ദേശം.

റേഷൻ വിതരണത്തിലെ തടസങ്ങൾ, അർഹർക്ക് ലഭ്യമാകാതിരിക്കുക, ഗുണമേന്മയിലും തൂക്കത്തിലും കുറവ് തുടങ്ങിയ പരാതികൾ വിജിലൻസ് കമ്മി​റ്റിയെ അറിയിക്കാം. പരാതിയിൽ സമയബന്ധിതമായി നടപടി സ്വീകരിക്കും. മൂന്നു മാസത്തിലൊരിക്കൽ അവലോകനയോഗം ചേരാനും പ്രവർത്തനങ്ങൾ സംബന്ധിച്ച് കമ്മിഷന് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.
എ.ഡി.എം ആർ.ബീനറാണി, സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം അഡ്വ. സബിത ബീഗം, ജില്ല സപ്ലൈ ഓഫീസർ മോഹൻ കുമാർ, എഫ്.സി.ഐ ഡിവിഷണൽ മാനേജർ പി.എൻ ഹെൻറി, വനിതാ ശിശു വികസന ഓഫീസർ പി.ബിജി, ഐ.സി.ഡി.എസ് ജില്ലാ പ്രോജക്ട് ഓഫീസർ ടിജു റെയ്ച്ചൽ തോമസ്, വിവിധ സപ്ലൈ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

വിജിലൻസ് കമ്മിറ്റി

1. ജില്ലാതലത്തിൽ കളക്ടർ, താലൂക്ക് തലത്തിൽ തഹസീൽദാർ, പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അദ്ധ്യക്ഷന്മാർ

2. പഞ്ചായത്ത് പ്രസിഡന്റിന്റെ അഭാവത്തിൽ സ്ഥിരം സമിതി ചെയർമാന്മാർ അദ്ധ്യക്ഷരാകും

3. പ്രവർത്തനം ദേശീയ ഭക്ഷ്യ ഭദ്രതാ വിജിലൻസ് സമിതിയുടെ കീഴിൽ

4. അങ്കണവാടി, സ്‌കൂൾ എന്നിവയ്ക്കുള്ളതുൾപ്പെടെ റേഷൻ വിതരണം നിരീക്ഷിക്കും

5. പൊതുജനങ്ങൾക്ക് കമ്മിറ്റിയിൽ പരാതി നൽകാം

6. ഇവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വഴി എ.ഡി.എമ്മിന് കൈമാറി നടപടി സ്വീകരിക്കും

7. റേഷൻകട തല കമ്മിറ്റികൾ മാസത്തിൽ ഒരിക്കൽ പഞ്ചായത്ത് ഹാളിൽ ചേരും

ഉദ്യോഗസ്ഥർക്ക് അഭിനന്ദനം

കൊല്ലം എഫ്.സി.ഐ ഗോഡൗണിലുണ്ടായ തൊഴിലാളി പണിമുടക്ക് റേഷൻ വിതരണത്തെ ബാധിക്കാത്ത വിധത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്തി പരിഹരിച്ച ഉദ്യോഗസ്ഥരെ ഭക്ഷ്യസുരക്ഷാ കമ്മിഷൻ ചെയർമാൻ അഭിനന്ദിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ എട്ട് റേഷൻ കടകൾ സസ്‌പെൻഡ് ചെയ്തതായും 2324 പരിശോധനകളിൽ 11,70791 രൂപ പിഴ ഈടാക്കിയതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.