അഞ്ചൽ: അഗസ്ത്യക്കോട് കുശിനിമുക്കിൽ ചായക്കട നടത്തുന്ന കമലമ്മയുടെ മൂന്നര പവന്റെ സ്വർണമാലയും അയ്യായിരം രൂപയും അടങ്ങുന്ന പേഴ്സ് മോഷ്ടാക്കൾ കവർന്നു. രാവിലെ 5.30ഓടെ ചായ കുടിക്കാനെന്ന വ്യാജേന കടയിലെത്തിയയാളാണ് മോഷണത്തിന് പിന്നിൽ. ഒറ്റയ്ക്കു താമസിക്കുന്ന കമലമ്മ സാധനങ്ങൾ വാങ്ങാനുള്ള പൈസയും മോഷ്ടാക്കളെ പേടിച്ച് സ്വർണമാലയും പേഴ്സിൽ കരുതിയാണ് കടയിലെത്തുന്നത്. എന്നാൽ ഇന്നലെ രാവിലെ 6 മണിയോടുകൂടി നോക്കിയപ്പോഴാണ് പേഴ്സ് കാണാനില്ലെന്നും ചായകുടിക്കാൻ വന്നയാൾ കവർന്നെന്നും കമലമ്മ അറിയുന്നത്. അഞ്ചൽ പൊലീസിന് പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ്.