 
കൊല്ലം: പരവൂർ ടൗണിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയെ ആക്രമിച്ച ഭർത്താവിനെ പൊലീസ് കീഴ്പ്പെടുത്തി. പരവൂർ, കോട്ടപ്പുറം കാരുണ്യ ഭവനിൽ ശ്രീനാഥിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.
പൊലീസ് പറയുന്നത് : യുവതി ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ അകന്നുകഴിയുന്ന ഭർത്താവ്, കവിളത്ത് അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കടയുടെ പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. തുടർന്ന് ഷാൾ ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയും വസ്ത്രം വലിച്ചു കീറാനും ശ്രമിച്ചു. നാട്ടുകാരും ഓട്ടോറിക്ഷക്കാരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അക്രമം തുടർന്ന ഇയാളെ പൊലീസെത്തിയാണ് കീഴ്പ്പെടുത്തിയത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ദമ്പതികളായ ഇവർ അകന്നുകഴിയുകയായിരുന്നുവെന്നും മൊബൈൽ ഫോണിനെചൊല്ലിയുള്ള തർക്കമാണ് അക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
പരവൂർ ഇൻസ്‌പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ
നിതിൻ നളൻ, സുരേഷ് കുമാർ, എ.എസ്.ഐ മാരായ ജോയ്, രമേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.