 
കൊട്ടാരക്കര: കച്ചേരിമുക്കിലെ വിവാദ ഭൂമി പാർക്കിംഗിനുപോലും ഉപകരിക്കാതെ കാടുമൂടി നശിക്കുന്നു. രണ്ടാഴ്ച കൂടി പിന്നിടുമ്പോൾ പട്ടണം ഓണത്തിരക്കിലാകും. അപ്പോഴും ഇവിടെ ഒരു വാഹനം പോലും പാർക്ക് ചെയ്യാൻ ഉപകരിക്കില്ല. മുൻപ് എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്ന ഭൂമിയാണ് ഇപ്പോൾ കാടുമൂടി നശിക്കുന്നത്.
അവകാശത്തർക്കം
2009-10 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഇവിടെ എക്സൈസ് കോംപ്ളക്സ് നിർമ്മിക്കാൻ 2.09 കോടി രൂപ അനുവദിച്ചപ്പോഴാണ് പഴയ കെട്ടിടം പൊളിച്ച് നീക്കിയത്. എന്നാൽ ഭൂമിയെച്ചൊല്ലി അവകാശത്തർക്കം രൂക്ഷമായത് കോടതി വ്യവഹാരത്തിലെത്തി. കോടതി വ്യവഹാരങ്ങളിൽ സർക്കാരിന് അനുകൂല വിധിയുണ്ടായെങ്കിലും ഇവിടെ എക്സൈസ് കോംപ്ളക്സ് നിർമ്മിക്കേണ്ടെന്ന് പിന്നീട് തീരുമാനിച്ചു. ഭൂമി റവന്യൂ വകയാണെന്ന് ഉറപ്പാക്കി. വെറുതെ കിടക്കുന്ന ഭൂമി പാർക്കിംഗിന് അനുവദിച്ചു. സിവിൽ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമെന്ന തരത്തിൽ ബോർഡ് സ്ഥാപിച്ചു. പക്ഷെ, വാഹനം ഇതിനകത്തേക്ക് കടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഗേറ്റ് ചെറുത്, വാഹനം കയറില്ല
കൊല്ലം തിരുമംഗലം ദേശീയപാതയോരത്തായാണ് വിവാദ ഭൂമിയുള്ളത്. സിവിൽ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള ഇടമാക്കി ഇവിടം മാറ്റിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ കടക്കാൻ കഴിയാത്ത വിധത്തിലുള്ള പ്രവേശന കവാടമാണുള്ളത്. അതുകൊണ്ടുതന്നെ ആരും ഇതിനുള്ളിൽ പാർക്കിംഗിന് ശ്രമിക്കാറുപോലുമില്ല. അതോടെ ഭൂമി കാട് മൂടാൻ തുടങ്ങി.
തഹസീൽദാർ ഇടപെടണം
പ്രവേശന കവാടം വലുതാക്കാൻ നടപടിയില്ല. തഹസീൽദാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സിവിൽ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾക്ക് മാത്രമല്ല, ഓണക്കാലത്ത് പൊതു ജനങ്ങൾക്കെല്ലാം വാഹന പാർക്കിംഗിന് ഇവിടം അനുവദിക്കണമെന്നാണ് പൊതു ആവശ്യം. അവധി ദിനങ്ങളിൽ ഗണപതി ക്ഷേത്ര ദർശനത്തിനെത്തുന്നവർക്കുകൂടി വാഹന പാർക്കിംഗിന് ഇവിടെ സൗകര്യമൊരുക്കണം.