dcc
പ്രതാപവർമ്മ തമ്പാൻ അനുസ്‌മരണസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സമാനതകളില്ലാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഡോ.ജി.പ്രതാപവർമ്മ തമ്പാനെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച ജി.പ്രതാപ വർമ്മ തമ്പാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും വെല്ലുവിളികളും തമ്പാന് ഹരമായിരുന്നു. 2001ൽ യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വന്നതിന് പിന്നിൽ കൊല്ലത്ത് തമ്പാൻ നേരിട്ട പൊലീസ് മർദ്ദനമായിരുന്നു. ഇതു കേരളത്തിലാകെ ചർച്ചയായി. താൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കുമ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു തമ്പാൻ. തീവ്രമായ ഗ്രൂപ്പുളള തമ്പാനെ ഒഴിവാക്കാമോയെന്നു വരെ ചോദിച്ചു. എന്നാൽ,​ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ ശക്തി പകർന്നത് തമ്പാനായിരുന്നു. തമ്പാന്റെ വിയോഗം കോൺഗ്രസിന് മാത്രമല്ല, പൊതു സമൂഹത്തിനാകെ നഷ്ടമാണെന്നും കോൺഗ്രസ് എക്കാലവും നന്ദിയോടെ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായിരുന്നു.

എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, പി.സി.വിഷ്ണുനാഥ് എം. എൽ. എ, കെ. പി. സി .സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസീർ, കെ. സി. രാജൻ, ഷാനവാസ്ഖാൻ, ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, പുനലൂർ മധു, എഴുകോൺ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.