ഓടനാവട്ടം: പരുത്തിയിറയിൽ വീടിന്റെ കതക് തകർത്ത് കവർച്ച നടത്തി. പെട്രോൾ പമ്പിന് സമീപം കെ. കെ. ചരുവിള (ജെ കെ സി വില്ല )യിലാണ് കഴിഞ്ഞദിവസം വെളുപ്പിന് ആളില്ലാത്ത സമയത്ത് കവർച്ച നടന്നത്. 10 പവനോളം സ്വർണാഭരണങ്ങളും 47400/-രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ കുഞ്ഞുമോൻ (പൗലോസ് ) പറഞ്ഞു. രണ്ടുവർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ച ഭാര്യ മണിമോളുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഭാര്യയുടെ മരണശേഷം കുഞ്ഞുമോൻ ഒറ്റയ്ക്കാണ് താമസം. മക്കൾ രണ്ടുപേരും വിദേശത്താണ്.കഴിഞ്ഞ ദിവസം രാത്രി ഒന്നരയ്ക്ക് തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ ബന്ധുക്കളെ കൊണ്ടുവരുന്നതിനായി കുഞ്ഞുമോൻ പോയ സമയത്താണ് കവർച്ച നടന്നത്.
രാവിലെ 6 മണിയോടെ തിരിച്ചെത്തിയപ്പോൾ വാതിൽ തകർത്ത നിലയിലായിരുന്നു. മുൻവശത്തെ വാതിലൂടെ അകത്തു കയറിയ മോഷ്ടാക്കൾ മുകൾ നിലയിലെയും അലമാരകളിലും മറ്റും സൂക്ഷിച്ചിരുന്നവ നാശമാക്കി. പരാതിയെ തുടർന്ന് കൊട്ടാരക്കരയിൽ നിന്ന് ഡിവൈ.എസ്. പിയും സംഘവും കൊല്ലത്തുനിന്ന് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി തെളിവുകൾ ശേഖരിച്ചു. പൂയപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ടി. ബിജു മേൽ നടപടികൾ സ്വീകരിച്ചു.മോഷ്ടാക്കൾ എത്തിയതെന്നു സംശയിക്കുന്ന കാറിന്റെ ദൃശ്യം പെട്രോൾ പമ്പിലെ സി. സി. ടി.വിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.