തൃശൂർ: യുവതിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്നതിന് ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. കൊല്ലം സ്വദേശിയായ യുവഅഭിഭാഷകനെതിരെ അഭിഭാഷകന്റെ ക്ലർക്കായ യുവതിയാണ് വിയ്യൂർ പൊലീസിൽ പരാതി നൽകിയത്.
35 പവൻ തട്ടിയെടുത്തെന്ന് പുതുക്കാട് സ്വദേശിനിയായ 22കാരി പരാതിയിൽ പറയുന്നു. സംഭവത്തിൽ വിയ്യൂർ കുണ്ടുവാറയിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ അഡ്വ. സംഗീത് ലൂവിസിനെതിരെ (42) കേസെടുത്തു. അഭിഭാഷകനെതിരെ വധശ്രമം, പീഡനം, കബളിപ്പിക്കൽ, തട്ടിയെടുക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പലതവണയായി 35 പവൻ തട്ടിയെടുത്തെന്നാണ് പരാതി.
സ്വർണവും ശമ്പളവും ചോദിപ്പോൾ അഭിഭാഷകൻ മർദ്ദിക്കുകയും വായിലേക്ക് ബലമായി വിഷം ഒഴിക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. അവശയായ യുവതിയെ വിവരമറിഞ്ഞെത്തിയ സഹോദരനും ബന്ധുവും കൂടിയാണ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ പരാതിപ്രകാരം അഭിഭാഷകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.