photo
കേരഫെഡ് പുതിയകാവി ഫാക്ടറി

കരുനാഗപ്പള്ളി: ഇത്തവണത്തെ ഓണക്കിറ്റിൽ നിന്ന് കേരവെളിച്ചെണ്ണ ഔട്ടായി. ഓണത്തിന് ഇനി മൂന്ന് ആഴ്ചകൾ ശേഷിക്കേ ഇതുവരെ സപ്ലൈകോയും കൺസ്യൂമർ ഫെഡും വെളിച്ചെണ്ണയ്ക്ക് ഓർഡർ നൽകിയിട്ടില്ല. എല്ലാ വർഷവും ഓണത്തിന് സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഓണ കിറ്റുകളിൽ കേരയുടെ വെളിച്ചെണ്ണയായിരുന്നു ഉപയോഗിച്ചിരുന്നത്. കേരവെളിച്ചെണ്ണയെ അവഗണിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പുതിയകാവ് കേരഫാക്ടറി.ഓണക്കാലത്ത് വെള്ളിച്ചെണ്ണ വിറ്റ് കിട്ടുന്ന പണംകൊണ്ടാണ് തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളവും ബോണസും നൽകിയിരുന്നത്. ഇത്തവണ സപ്ലൈകോയും കൺസ്യൂമർഫെഡും അവഗണിച്ചതോടെ കേരഫെഡ് നഷ്ടത്തിലേക്ക് കൂപ്പ് കുത്തും. തൊഴിലാളികൾ പട്ടിണിയിലുമാകും.

കെട്ടിക്കിടക്കുന്നു

1000 മെട്രിക് ടൺ എണ്ണ

ഫാക്ടറിയിലെ 6 പ്ലാന്റുകളിലായി 1000 മെട്രിക്ക് ടൺ എണ്ണയാണ് കെട്ടി കിടക്കുന്നത്. പാക്ക് ചെയ്ത എണ്ണ വേറെയും . കോടികളുടെ എണ്ണയാണ് ഫാക്ടറിയിലെ സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുന്നത്. ഓണം വിപണി പ്രമാണിച്ച് ഉത്പ്പാദിപ്പിച്ച എണ്ണ വിറ്റഴിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് അധികൃത‌‌ർ.

നിലവിൽ ഏജൻസികൾ വഴിയുള്ള വെളിച്ചെണ്ണ വില്പന മാത്രമാണ് നടക്കുന്നത്.

അടിസ്ഥാന സൗകര്യമില്ല

മൂന്ന് പതിറ്റാണ്ടിന് മുമ്പാണ് പുതിയകാവിൽ കേരഫെഡ് പ്രവർത്തനം ആരംഭിച്ചത്. ദിവസവും 200 മെട്രിക് ടൺ കൊപ്ര ആട്ടുന്ന ഒരു പ്ലാന്റിലായിരുന്നു തുടക്കം. പിന്നീട് 50 മെട്രിക് ടൺ എണ്ണ ആട്ടാനുള്ള ഒരു പ്ലാന്റ് കൂടി സ്ഥാപിച്ചു. വർഷം 30 പിന്നിടുമ്പോഴും ഫാക്ടറിയുടെ അടിസ്ഥാന സൗകര്യത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഒരു ദിവസം 40 ടൺ വെളിച്ചെണ്ണ പാക്ക് ചെയ്യാനുള്ള സംവിധാനമേ ഫാക്ടറിയിലുള്ളു.

കേരഫെഡ് സംരക്ഷിക്കണം

കേരകർഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിശ്ചയിച്ച താങ്ങ് വിലയ്ക്കാണ് വെജിറ്രബിൾസ് ആൻഡ് ഫുഡ് പ്രമോഷൻ കൗൺസിൽ കർഷകരിൽ നിന്ന് നാളികേരം സംഭരിച്ച് കേരഫെഡിന് നൽകുന്നത്. ഒരു കിലോഗ്രാം തേങ്ങയ്ക്ക് 32 രൂപയാണ് കർഷകർക്ക് നൽകുന്നത്. നിരവധി തൊഴിലാളികൾക്ക് ജോലി നൽകാൻ കഴിയുന്ന കേരഫെഡിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരും കേരഫെഡ് മാനേജ് മെന്റും ഏറ്റെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.