photo
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ പന്മന ആശ്രമത്തിൽ നടന്ന ഫ്രീഡം ഫിലിം ഫെസ്റ്റിവൽ ഏകദിന ചലച്ചിത്ര മേള ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ പന്മന ആശ്രമത്തിൽ ഫ്രീഡം ഫിലിം ഫെസ്റ്റിവൽ നടന്നു. ഗാന്ധി പീസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഏകദിന ചലച്ചിത്രമേള നടത്തിയത്. സ്വാതന്ത്ര്യം പ്രമേയമായ 3 ചലച്ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത് .മേളയുടെ ഉദ്ഘാടനം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. ശ്യാം ബെനഗലിന്റെ ‘ദ മേക്കിംഗ് ഒഫ് മഹാത്മ’, കെൻ ലോച്ചിന്റെ ലാൻഡ് ആൻഡ് ഫ്രീഡം, അടൂർ ഗോപാലകൃഷ്ണന്റെ ‘മതിലുകൾ’ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്. കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദർശനം, ചർക്ക യുടെ പ്രവർത്തനം എന്നിവയും ചലച്ചിത്രമേളയ്ക്ക് അനുബന്ധമായി ആശ്രമ പരിസരത്ത് ഒരുക്കി. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം എച്ച്. ഹൻസിയ, ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ. അബ്ദുൽ റഷീദ്,ചലച്ചിത അക്കാഡമി സെക്രട്ടറി സി.അജോയ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം വി. പി. ജയപ്രകാശ് മേനോൻ , കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ, ആശ്രമം പ്രതിനിധി പന്മന മഞ്ജേഷ് എന്നിവർ പങ്കെടുത്തു.