 
കുന്നിക്കോട് : നിലം പൊത്താറായ സ്കൂൾ കെട്ടിടത്തിന്റെ സമീപത്ത് കൂടി ജീവൻ പണയം വെച്ച് വേണം വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് പോകാൻ. തലവൂർ ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കാല ഗവ. ബി.വി.എൽ.പി.എസിന്റെ 90 വർഷത്തിൽ പരം പഴക്കമുള്ള കെട്ടിടമാണ് അതീവ അപകടഭീഷണി ഉയർത്തി നിൽക്കുന്നത്. വിദ്യാർത്ഥികൾ പഴയ കെട്ടിടത്തിന്റെ വരാന്തയിൽ കയറാതിരിക്കാൻ വേണ്ടി കറുത്ത തുണികളും കമ്പുകളും ഉപയോഗിച്ച് കെട്ടിത്തിരിച്ചിട്ടുണ്ട്. കൂടാതെ കെട്ടിടത്തിന്റെ അടിയിലുള്ള മണ്ണ് ഇളകിമാറിയുണ്ടായ മാളങ്ങളിൽ ഇഴജന്തുകളുമുണ്ട്. കുട്ടികളുടെ ജീവൻവച്ചാണ് അധികൃതരുടെ തീക്കളി.
ദുരന്തമുണ്ടാകണോ നടപടിയെടുക്കാൻ
2020 ജൂൺ 22ന് തലവൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും കെട്ടിടത്തിൽ പഠന പ്രവർത്തനങ്ങൾ നടത്തരുതെന്നും നിർദ്ദേശിച്ചിരുന്നു. അന്ന് കെട്ടിടം പൊളിച്ച് നീക്കാൻ തീരുമാനിച്ചെങ്കിലും കൊവിഡ് കാലത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. പക്ഷേ രണ്ട് വർഷം കഴിഞ്ഞ് സ്കൂളുകൾ തുന്നിട്ടും അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് മാറ്റാൻ യാതൊരു നടപടികളും ഉണ്ടായില്ല.
അസൗകര്യങ്ങളുടെ നടുവിൽ സ്കൂൾ
2003ൽ നിർമ്മിച്ച രണ്ട് മുറികളുള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. അതിൽ ഒരെണ്ണം ഓഫീസ് മുറിയാണ്. എന്നാൽ സ്ഥലമില്ലാത്തതിനാൽ ഫെഡ്മിസ്ട്രസും വിദ്യാർത്ഥികളും ആ മുറിയാണ് പങ്കിടുന്നത്. 69 വിദ്യാർത്ഥികളും 8 ജീവനക്കാരുമാണ് സ്കൂളിലുള്ളത്.
പഴയ കെട്ടിടം ഉപയോഗ്യശൂന്യമായതോടെ ഓഫീസ് കെട്ടിടത്തിന് മുകളിലാണ് നിലവിൽ ക്ലാസുകൾ നടത്തുന്നത്. ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് നാലര ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം നടത്തിയത്. കെട്ടിടത്തിന്റെ പുറത്ത് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പടവുകൾ കയറി വേണം മുകളിലെത്താൻ. മേൽക്കൂര സ്ഥാപിച്ചിട്ടുണ്ടെങ്കിലും വശങ്ങൾ തുറന്ന് കിടക്കുകയാണ്. മഴയത്ത് കാറ്റ് വീശുമ്പോൾ അദ്ധ്യാപകരും വിദ്യാർഫികളും കുട ചൂടിയാണ് ക്ലാസിലിരിക്കുന്നത്. തറയിലെ സിമന്റ് പൊടി ശ്വസിച്ച് വിദ്യാർത്ഥികൾക്ക് തുമ്മലും ചുമയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും പതിവാണ്. ആദ്യ നിർമ്മാണം നടത്തി ബ്ലോക്ക് പഞ്ചായത്തിൽ ഫിറ്റ്നസിന് സമീപിച്ചപ്പോൾ നിരവധി പോരായ്മകൾ ചൂണ്ടിക്കാട്ടി നിഷേധിച്ചു. പിന്നീട് അതെല്ലാം പരിഹരിച്ചാണ് ഫിറ്റ്നസ് ലഭിച്ചത്.