dog

കൊല്ലം: തെരുവ് നായ‌്ക്കളുടെ വർദ്ധന തടയുന്നതിനുള്ള എ.ബി.സി പദ്ധതി നടപ്പാക്കാൻ നഗരത്തിൽ സ്ഥലം ലഭ്യമാകുന്നില്ല. തെരുവ് നായ ശല്യത്തിനെതിരെ ഉച്ചത്തിൽ പ്രസംഗിക്കുന്ന ജനപ്രതിനിധികൾ തന്നെയാണ് തങ്ങളുടെ പ്രദേശങ്ങളിൽ എ.ബി.സി പദ്ധതിയുടെ കേന്ദ്രം സ്ഥാപിക്കുന്നതിനെ എതിർക്കുന്നത്. ഇങ്ങനെ സ്ഥലം ലഭ്യമാകാഞ്ഞത് കൊണ്ടാണ് കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി രണ്ട് മാസമായി ചുരുങ്ങിയത്. ഇത്തവണ അഞ്ചാലുംമൂട് മൃഗാശുപത്രിയിൽ വച്ച് പദ്ധതി നടപ്പാക്കാനാണ് നഗരസഭയുടെ ആലോചന. എന്നാൽ, മറ്റ് മൃഗങ്ങളുടെയും പക്ഷികളുടെയും ചികിത്സയെ ബാധിക്കുമെന്ന് പറഞ്ഞ് ആശുപത്രി വിട്ടുനൽകില്ലെന്ന നിലപാടിലാണ് മൃഗസംരക്ഷണ വകുപ്പ്.

എവിടെച്ചെന്നാലും എതിർപ്പ്

1. പോളയത്തോട് ശ്മശാനത്തിൽ വന്ധ്യംകരണ കേന്ദ്രം സജ്ജമാക്കാൻ നഗരസഭ തീരുമാനിച്ചു. ആചാരത്തെ ബാധിക്കുമെന്ന് പറ‌ഞ്ഞ് ജനപ്രതിനിധികൾ രംഗത്തെത്തിയതോടെ നീക്കം ഉപേക്ഷിച്ചു

2. അഷ്ടമുടിക്കായലിന്റെ തീരത്ത് അടച്ചുപൂട്ടിയിട്ടിരിക്കുന്ന ആശ്രാമം സ്ലോട്ടർ ഹൗസിൽ കേന്ദ്രം സജ്ജമാക്കാനായിരുന്നു രണ്ടാമത്തെ അലോചന. സ്ലോട്ടർഹൗസിന് മുന്നിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ധർണ നടത്തി അതിനെയും മുടക്കി.

3. കുരീപ്പുഴ ചണ്ടി ഡിപ്പോയോട് ചേർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സബ് സെന്റർ കേന്ദ്രമാക്കാൻ തീരുമാനിച്ചു. ചുറ്റുമതിൽ സഹിതമുള്ള 75 സെന്റ് ഭൂമിയിൽ ശുദ്ധജല കണക്ഷനെടുത്ത് വാട്ടർ ടാങ്കും സ്ഥാപിച്ചപ്പോഴേക്കും പ്രതിഷേധക്കാരെത്തി.

4. മറ്റെങ്ങും നടക്കില്ലെന്ന് വന്നതോടെ അഞ്ചാലുംമൂട് മൃഗാശുപത്രി കെട്ടിടം എ.ബി.സി കേന്ദ്രമാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ് എതിർത്തെങ്കിലും നഗരസഭയുടെ നിർബന്ധത്തിന് വഴങ്ങി ഒഴിഞ്ഞമൂലയിൽ താത്ക്കാലിക കേന്ദ്രം സജ്ജമാക്കി പദ്ധതി ആരംഭിച്ചു. സ്ഥലപരിമിതി കൂടുതൽ നായകളെ വന്ധ്യംകരിക്കുന്നതിന് തടസമായി.

5. അഞ്ചാലുംമൂട് മൃഗാശുപത്രിയിൽ ആദ്യ കേന്ദ്രവും തുടർന്ന് പുന്തലത്താഴത്തും രണ്ടാം കേന്ദ്രവും സജ്ജമാക്കാനാണ് ഇത്തവണ ആലോചിക്കുന്നത്.

തലവേദനയെന്ന് ഉദ്യോഗസ്ഥർ

എ.ബി.സി പദ്ധതിയുടെ നിർവഹണം തലവേദന പിടിച്ച പരിപാടിയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തെരുവ് നായകളെ വന്ധ്യംകരണം നടത്തിയ ശേഷം പിടിച്ച സ്ഥലത്ത് തന്നെ ഉപേക്ഷിക്കണമെന്നാണ് ചട്ടം. പിടിക്കുമ്പോൾ നാട്ടുകാർക്ക് എതിർപ്പുണ്ടാകില്ല. എന്നാൽ, തിരിച്ചെത്തിക്കുമ്പോൾ തങ്ങളുടെ പ്രദേശത്ത് നിന്നും പിടിച്ചതല്ലെന്ന് പറഞ്ഞ് നാട്ടുകാർ തടയും. ഡോഗ് കാച്ചർമാരെ നാട്ടുകാർ കൈയേറ്റം ചെയ്യുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.