കൊല്ലം: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. ' ഓപ്പറേഷൻ ഡെവിൾ ഹണ്ട് 'എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വടക്കേവിള സ്വദേശി സഞ്ജയ് (25) ആണ് പിടിയിലായത്. രാത്രിയിലെ വാഹന പരിശോധനയിലാണ് പോളയത്തോട് ഭാഗത്തുനിന്ന് രണ്ട് കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയത്. സ്കൂട്ടറിന്റെ സീറ്റിനടിയിൽ പോളിത്തീർ കവറിൽ അടക്കം ചെയ്ത് സഞ്ചിയിൽ സൂക്ഷിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്. ചോദ്യം ചെയ്യലിൽ ചില്ലറ വില്പനയ്ക്കായി എത്തിച്ചതാണെന്ന് സമ്മതിച്ചു. ലഹരി ഗുളിക കടത്തിയതിന് കാസർകോട് ജില്ലയിൽ മറ്റൊരു എൻ.ഡി.പി.എസ് കേസ് കൂടി ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.