കൊല്ലം: ബൈപ്പാസിലെ ടോൾ പ്ലാസയിൽ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച കാർ ഡ്രൈവർ പിടിയിലായി. വർക്കല ചെറിഞ്ഞിയൂർ കാരത്തല കുന്നുവിള വീട്ടിൽ എൽ. ലഞ്ജിത്താണ് (39) അഞ്ചാലൂംമൂട് പൊലീസിന്റെ പിടിയിലായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ന് കുരീപ്പുഴ ടോൾ പ്ലാസയിലെത്തിയ കാർ ടോൾ നൽകാതെ എമർജൻസി ലൈനിലൂടെ കടന്നുപോയത് ജീവനക്കാരനായ അരുൺ തടഞ്ഞതാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ലഞ്ജിത്ത് ജീവനക്കാരനെ അസഭ്യം പറയുകയും ഷർട്ടിൽ കുത്തിപ്പിടിച്ച് കാറിന്റെ ഡോറിനോട് ചേർത്ത് പിടിച്ച് വാഹനം മുന്നിലേക്ക് ഓടിച്ചു. വേഗതയിൽ എത്തിയപ്പോൾ യുവാവിനെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു.

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ നാവായിക്കുളത്തുള്ള ബന്ധുവീടിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.. വാഹനം വർക്കലയിൽ നിന്ന് പിടിച്ചെടുത്തു. കൊല്ലം എ.സി.പി എ. അഭിലാഷിന്റെ നിർദേശാനുസരണം അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയകുമാർ, അബ്ദുൽ ഹക്കീം, റഹീം, എ.എസ്.ഐമാരായ പ്രദീപ്, രാജേഷ്, ബൈജു ജെറോം, ബെറ്റ്‌സി, സി.പി.ഒമാരായ സീനു, മനു, സജു, രിപു, രതിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.