 
ചവറ: ദേശീയ പാതയിൽ നിറയെ അപകടക്കുഴികൾ. നീണ്ടകര സെന്റ് ആഗ്നസ് സ്കൂളിന് മുൻവശത്ത് ദേശീയപാതയുടെ ഒത്ത മദ്ധ്യത്ത് രൂപപ്പെട്ട കുഴി വാഹന യാത്രക്കാരെയും ഇരുചക്രവാഹനക്കാരെയും വലയ്ക്കുന്നു. മഴ ശക്തമായപ്പോൾ രൂപപ്പെട്ട കുഴി ആഴ്ച്ചകൾക്ക് മുമ്പ് നീണ്ടകരയിലെ എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചിരുന്നു. വീണ്ടും പെയ്ത മഴയിൽ അടച്ച ഭാഗം ഒലിച്ചു പോയി, വീണ്ടും കുഴിയായി. തുടർന്ന് രണ്ടുദിവസം മുമ്പ് നാഷണൽ ഹൈവേ അധികൃതരും കുഴി അടയ്ക്കാൻ ശ്രമിച്ചു. എന്നാൽ റോഡിന്റെ വശം ചരിഞ്ഞ നിലയിലായതിനാൽ അടയ്ക്കുന്ന കുഴി വീണ്ടും തുരങ്കം പോലെ കുഴിഞ്ഞു പോകുകയാണ്.
കുഴിയടപ്പ് തോന്നിയപടി
ദേശീയപാതയിൽ നീണ്ടകര പാലത്തിലും ജോയിന്റ് ജംഗ്ഷനിലും കുഴികളുണ്ട്. ദേശീയപാത മെയിന്റനസ് ജോലി നടത്തുന്നത് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടാണ്. ഇവർ തോന്നിയപടിയാണ് കുഴിയടപ്പ് നടത്തുന്നത്. വർക്ക് ഏറ്റെടുത്ത ശേഷം സബ് കൊടുക്കുന്ന നടപടി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.