fish
മീനുകൾ ചത്ത് പൊങ്ങുന്നു

പരവൂർ: പൂതക്കുളം പാണാട്ട് ചിറയിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതിൽ നാട്ടുകാർക്ക് ആശങ്ക. ഒരാഴ്ചയായി മത്സ്യങ്ങൾ ചത്ത് പൊങ്ങാൻ തുടങ്ങിയിട്ട്. മുകളിലേയ്ക്ക് പൊങ്ങിവരുന്ന മീനുകളിൽ മുറിവുണ്ടെന്നും അതിൽ നിന്ന് രക്തം പൊട്ടിയൊലിക്കുന്നതായും നാട്ടുകാർ പറയുന്നു. അവശനിലയിൽ കാണുന്നവയെ ചിലർ പിടിച്ചുകൊണ്ട് പോകുകയും ചെയ്യുന്നു. മീനുകൾ അഴുകിയതിന്റെ ദുർഗന്ധവും രൂക്ഷമാണ്.

പൂതക്കുളത്തെ ഏറ്റവും വലിയ ജലസ്രോതസായ പാണാട്ട് ചിറ മത്സ്യസമ്പന്നമാണ്. ചൂണ്ടയിട്ട് മീൻ പിടിക്കാൻ ഇവിടെ വലിയ തിരക്കാണ്. 'മത്സ്യസമൃദ്ധി' പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മീൻ കുഞ്ഞുങ്ങളെ ചിറയിൽ നിക്ഷേപിച്ചിരുന്നു. പുനവൂർ, പറണ്ടകുളം, കരീലകുളം, തോടുകൾ പാണാട്ട് ചിറയിലാണ് ഒഴുകിയെത്തുന്നത്. ചിറയിൽ നിന്ന് വെള്ളം നെല്ലേറ്റിൽ കായലിലേക്ക് ഒഴുകും.

ഏപ്രിൽ മാസത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'തെളിനീർ ഒഴുകും നവകേരളം' കാമ്പയിന്റെ ഭാഗമായി ചിറയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തിരുന്നു. 25 ചാക്ക് മാലിന്യമാണ് അന്ന് നീക്കം ചെയ്തത്. എന്നാൽ, നല്ല വിസ്തൃതിയുള്ള ചിറ പൂർണമായും വൃത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ചിറയുടെ പരിസരങ്ങളിൽ സമൂഹവിരുദ്ധ ശല്യവും രൂക്ഷമാണ്.

മീനുകൾ ചത്ത് പൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മദ്യക്കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം ചിറയിൽ വലിച്ചെറിയുന്നത് അന്വേഷിക്കും.

എസ്. അമ്മിണിഅമ്മ,

പഞ്ചായത്ത് പ്രസിഡന്റ്