snvc-
പരവൂർ എസ്.എൻ.വി.ആർ. സി. ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഡ്വ.ടി.ജി വിശ്വനാഥൻ അനുസ്മരണ സമ്മേളനവും സെമിനാറും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: കേരളത്തിൽ സഹകരണ പ്രസ്ഥാനം നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാമ്പത്തികഘടനയുടെ നട്ടെല്ലായ സഹകരണ മേഖലയെ നിശ്ചലമാക്കി കോർപ്പറേറ്റ് ഭീമന്മാർക്ക് അടിയറവയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഡ്വ.ടി.ജി വിശ്വനാഥൻ അനുസ്മരണ സമ്മേളനവും സഹകരണ സെമിനാറും സ്കോളർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ജയലാൽ എം.എൽ.എ അദ്ധ്യക്ഷനായി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, പരവൂർ മുൻസിപ്പൽ അദ്ധ്യക്ഷ പി.ശ്രീജ, യു.ഡി.എഫ് ജില്ലാ കൺവീനർ ജി.രാജേന്ദ്രപ്രസാദ്, പരവൂർ റീജിയണൽ ബാങ്ക് പ്രസിഡന്റ് കെ.പി.കുറുപ്പ്, പരവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഫർകയാൽ, ബാങ്ക് സെക്രട്ടറി എ. കെ. മുത്തുണ്ണി, ഡെപ്യുട്ടി രജിസ്ട്രാർ നൂർജഹാൻ, ബാങ്ക് വൈസ് പ്രസിഡന്റ് ഡി.മോഹൻദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ റിട്ട. അസി. രജിസ്ട്രാർ ജി.മുരളീധരൻ പിള്ള 'സഹകരണ പ്രസ്ഥാനം നല്ലൊരു നാളേയ്ക്ക് ' എന്ന വിഷയം അവതരിപ്പിച്ചു. തുടർന്ന് കെ.സദാനന്ദൻ സ്മാരക സ്കോളർഷിപ്പ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ബാങ്ക് ഭരണസമിതി അംഗങ്ങളായ എ. ഷുഹൈബ്, ബി.സുരേഷ്, കെ.സദാനന്ദൻ, ടി.ജി.പ്രതാപൻ, വി.പ്രകാശ്, വി.മഹേശ്വരൻ, എസ്.അശോക്‌കുമാർ, ഷൈനി സുകേഷ്, പ്രിജി ഷാജി, ഡി.എൻ.ലോല എന്നിവർ നേതൃത്വം നൽകി.