quarry-
കോലിഞ്ചിമലയിലെ പാറക്വാറിയുടെ പ്രവർത്തനം നിറുത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

കുന്നിക്കോട് : കോലിഞ്ചിമലയിലെ വിവാദ ക്വാറിയിൽ കോടതി വിധിയെ മറികടന്ന് കഴിഞ്ഞ ദിവസം പാറ ഖനനം ചെയ്തു. ഇതിനെതിരേ കോലിഞ്ചിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോൺഗ്രസ് - സി.പി.എം- സി.പി.ഐ കക്ഷികൾ കോലിഞ്ചിമലയിലെത്തി പ്രതിഷേധിച്ചു.

കെ.പി.സി.സി അംഗം സി.ആർ.നജീബിന്റെ നേതൃത്വത്തിലായിരുന്നു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും കോലിഞ്ചിമലയിൽ എത്തിയത്. ജില്ലാ കളക്ടർ അടക്കമുള്ളവരെ ബന്ധപ്പെട്ടെങ്കിലും നടപടിയാകാതെ വന്നതോടെ വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തി സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. മൂന്നു മണിക്കൂറിലധികം ഉപരോധം തുടർന്നെങ്കിലും ക്വാറിക്കെതിരെ നടപടിയെടുക്കാൻ സെക്രട്ടറി തയ്യാറായില്ല.

കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ അൻവറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് കോടതി ഉത്തരവ് പ്രകാരം പാറക്വാറിയിലെ എല്ലാ പ്രവർത്തനങ്ങളും നിറുത്തിവെയ്ക്കാൻ ഉടമയ്ക്ക് നോട്ടീസ് നൽകാൻ സെക്രട്ടറി തയ്യാറായത്. നോട്ടീസ് നൽകിയതോടെ പ്രതിഷേധക്കാർ ഉപരോധം പിൻവലിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ട്രിബ്യൂണലിൽ ക്വാറിയിലെ ഖനനം സംബന്ധിച്ച് തീർപ്പുണ്ടാക്കുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും നിറുത്തിവെയ്ക്കണമെന്നായിരുന്നു ക്വാറിയുടമ ബി.സുന്ദരത്തിന് നൽകിയ നോട്ടീസിൽ പറയുന്നത്. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ, വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, വാർഡംഗം റെജീനാ തോമസ്, മറ്റ് പഞ്ചായത്തംഗങ്ങൾ, കോലിഞ്ചിമല സംരക്ഷണ സമിതി സെക്രട്ടറി വിഷ്ണു ജി.നാഥ്, മറ്റ് സമിതിയംഗങ്ങൾ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.എസ്.ഗിരീഷ്, വിവിധ കക്ഷി-രാഷ്ട്രീയ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.