 
പുത്തൂർ: എഴുത്തുകാരുടെ സ്വർഗമാണ് കേരളമെന്ന് മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ പ്രസ്താവിച്ചു. പുത്തൂർ പാങ്ങോട് കുഴിക്കലിടവക പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച 'മുകുന്ദം-2022' ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജനതയുടെ അവബോധത്തെ രൂപപ്പെടുത്തുന്നതിൽ എഴുത്തുകാരന് വലിയ പങ്കുണ്ട്. അത് എഴുത്തുകാർ തിരിച്ചറിയണം. പ്രതിബദ്ധതയോടെ എഴുതുന്നവരും മാർക്കറ്റ് ഉത്പന്നത്തിനായും എഴുതുന്നവരുണ്ട്. മാർക്കറ്റ് ഫോഴ്സ് പലരെയും ആകർഷിക്കുന്നു. മുറുക്കിത്തുപ്പി കട്ടൻബീഡിയും വലിച്ച് മുഷിഞ്ഞ വേഷത്തിൽ നടന്നിരുന്നവരാണ് തകഴിയും പൊറ്റക്കാടുമടക്കമുള്ള ഒരുകാലത്തെ എഴുത്തുകാർ. എന്നാൽ ഇന്ന് എഴുത്തുകാരന്റെ ജീവിതരീതിയിൽ വലിയ മാറ്റമുണ്ടായി. എം.ടി വാസുദേവൻ നായരാണ് എഴുത്തുകാരന് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാമെന്ന് കാണിച്ചുകൊടുത്തതെന്നും എം.മുകുന്ദൻ പറഞ്ഞു. ഡി.സത്യബാബു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി.അംഗം ഡോ.പി.കെ.ഗോപൻ, കെ.ബി.മുരളീകൃഷ്ണൻ, പി.കെ.ജോൺസൺ, ആശ്രാമം സന്തോഷ്, രാജൻ ബോധി, ജെ.കൊച്ചനുജൻ, എസ്.രാജു, രെജി പാങ്ങോട് എന്നിവർ സംസാരിച്ചു. തുടർന്ന് എം.മുകുന്ദനുമായി സംവാദവും നടന്നു. എം.മുകുന്ദന്റെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി തത്സമയ ചിത്രരചനയും ഉണ്ടായിരുന്നു.