 
കൊട്ടാരക്കര : കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസ് മാറ്റി സ്ഥാപിക്കാൻ ആലോചന. പുലമണിൽ പ്രവർത്തിക്കുന്ന അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസിനോട് ചേർത്ത് പ്രവർത്തിപ്പിക്കാനാണ് നീക്കം. ഇതിനായി പ്രത്യേകം കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചിട്ടുണ്ട്. നിലവിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലാണ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത്.
സിവിൽ സ്റ്റേഷനിൽ നിന്ന്
കൊട്ടാരക്കര, നെടുവത്തൂർ, മൈലം, പുത്തൂർ, പവിത്രേശ്വരം വില്ലേജ് ഓഫീസുകളാണ് സബ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിലുള്ളത്. സിവിൽ സ്റ്റേഷൻ നിർമ്മിച്ചപ്പോൾ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നിലനിറുത്തിയിരുന്നു. എന്നാൽ പിന്നീട് ഇവിടം ഒഴിപ്പിച്ച് കാന്റീൻ തുടങ്ങാൻ ലക്ഷ്യമിട്ടുവെങ്കിലും എതിർപ്പ് വ്യാപകമായി. അതോടെ സബ് രജിസ്ട്രാർ ഓഫീസ് അവിടെ നിലനിറുത്താൻ ആലോചിച്ചു. എന്നാൽ ഇപ്പോൾ വീണ്ടും ഇവിടെ നിന്ന് മാറ്റാനാണ് നീക്കം.
മാറ്റം ജാഗ്രതയില്ലാതെ
സബ് ട്രഷറി, ജില്ലാ ട്രഷറി എന്നിവയടക്കം സിവിൽ സ്റ്റേഷനിലുണ്ട്. സബ് രജിസ്ട്രാർ ഓഫീസ് ഇതിന്റെ അടുത്തായാൽ പൊതു ജനങ്ങൾക്ക് പ്രയോജനപെടും. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാട്ടാതെ ഓഫീസ് മാറ്റാൻ ശ്രമിക്കുന്നത് വകുപ്പിലെ ഉദ്യോഗസ്ഥർക്കും നീരസം ഉണ്ടാക്കുന്നുണ്ട്.