നീണ്ടകര: ഗുരുദേവ മന്ദിരത്തിന്റെ ചില്ല് സമൂഹ്യവിരുദ്ധർ തകർത്തു. എസ്.എൻ.ഡി.പി യോഗം ചവറ യൂണിയനിലെ നീണ്ടകര താഴത്തുരുത്ത് 2671-ാം നമ്പർ ശാഖയിലെ ഗുരുദേവ മന്ദിരത്തിന്റെ ചില്ലാണ് തകർത്തത്. മന്ദിരത്തിൽ തീർത്ഥജലം വയ്ക്കുന്ന കിണ്ടിയും മോഷ്ടിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ഇതുവഴി പോയവരാണ് ചില്ല് തകർന്നുകിടക്കുന്ന വിവരം ശാഖാ ഭാരവാഹികളെ അറിയിച്ചത്. തുടർന്ന് യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.സുധാകരൻ, എം. പി. ശ്രീകുമാർ, മുരളീധരൻ, ശോഭകുമാർ, ശാഖാ പ്രസിഡന്റ് വി.വിശ്വേശരൻ, സെക്രട്ടറി ബി.സതീശൻ, എന്നിവരുടെ നേതൃത്വത്തിൽ ചവറ പൊലീസിന് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. സാമൂഹ്യവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ആവശ്യപ്പെട്ടു.