കൊല്ലം: ഇരവിപുരം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും ലഹരിമാഫിയ പിടിമുറുക്കുന്നു. പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിൽ നിന്ന് യുവാക്കളും ചെറുപ്പക്കാരും ലഹരി വസ്തുക്കൾ വാങ്ങാൻ ഇവിടേക്ക് എത്തുകയാണ്.
പൊലീസ് സ്റ്റേഷന്റെ മൂക്കിൻതുമ്പിലായിട്ടും യാതൊരു നടപടികളും ഉണ്ടാകുന്നില്ല.
അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ലഹരിവസ്തുക്കളാണ് ഇവിടം കേന്ദ്രീകരിച്ച് വിൽക്കുന്നത്. ഇടയ്ക്കിടെ എക്സൈസ് പ്രദേശത്ത് പരിശോധന നടത്തി പിഴ ചുമത്താറുണ്ടെങ്കിലും തൊട്ടടുത്ത ദിവസം മുതൽ കച്ചവടം വീണ്ടും തകൃതിയാകും.
രഹസ്യമായി സംഭരിച്ചിരിക്കുന്ന ലഹരി പദാർത്ഥങ്ങൾ കണ്ടെടുക്കാനോ വില്പനക്കാരെ പിടികൂടാനോ പൊലീസും എക്സൈസും ശ്രമിക്കുന്നില്ല.
സ്കൂൾ വിദ്യാർത്ഥികളടക്കം യൂണിഫോമിലാണ് ഇവിടെ ലഹരിവസ്തുക്കൾ വാങ്ങാൻ എത്തുന്നത്.
ഇവർ ഒഴിഞ്ഞ പ്രദേശങ്ങളിൽ തമ്പടിച്ച് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് സ്ത്രീകളും വിദ്യാർത്ഥിനികളും അടക്കമുള്ള വഴിയാത്രക്കാർക്കും ഭീഷണിയാവുകയാണ്. ലഹരി സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും പതിവാണ്.