പുനരുദ്ധാരണത്തിന് 20 കോടി
കൊല്ലം: നഗരത്തിലെ പ്രധാന ജലാശയങ്ങളായ വട്ടക്കായലിന്റെയും കട്ടയ്ക്കൽ കായലിന്റെയും പുനരുദ്ധാരണത്തിന് 20 കോടിയുടെ പദ്ധതിയുമായി ജലസേചന വകുപ്പ്. വൻ തുകയുടെ പദ്ധതി തയ്യാറായ സാഹചര്യത്തിൽ 25 ലക്ഷം രൂപ വീതം ചെലവിൽ ഇരുജലാശയങ്ങളും നവീകരിക്കാൻ കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതി ഉപേക്ഷിച്ചേക്കും.
ഒരുകാലത്ത് തെളിനീര് ഒഴുകിയിരുന്ന ജലാശയങ്ങളാണ് മരുത്തടി വട്ടക്കായലും കട്ടയ്ക്കൽ കായലും. പത്തോളം കൈത്തോടുകളിൽ നിന്നാണ് വട്ടക്കായലിലേക്ക് ജലമെത്തുന്നത്. വട്ടക്കായൽ നിറയുമ്പോൾ ഇടത്തോട് വഴി ജലം കട്ടയ്ക്കൽ കായലിലേക്കും പിന്നീട് അഷ്ടമുടി കായലിലേക്കുമെത്തും. വൻതോതിൽ മാലിന്യം അടിഞ്ഞുകൂടി ഇരുജലാശയങ്ങളിലും കൊതുകും ഈച്ചയും അടക്കമുള്ള പ്രാണികൾ പെറ്റുപെരുകുകയാണ്.
ഇവിടെയുണ്ടായിരുന്ന അപൂർവ മത്സ്യസമ്പത്തും നശിച്ചു. വൻതോതിൽ കൈയേറി ഇരുജലാശയങ്ങളുടെയും വിസ്തൃതിയും ഇടിഞ്ഞു. രണ്ട് കായലുകളുടെയും ദുരവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നഗരസഭ താത്കാലിക സംരക്ഷണ പദ്ധതി തയ്യാറാക്കിയത്.
പദ്ധതി തയ്യാറാക്കി ജലസേചന വകുപ്പ്
1. ആഴത്തിൽ ഡ്രഡ്ജ് ചെയ്ത് ചെളിയും മാലിന്യവും നീക്കൽ
2. മണ്ണുകൊണ്ട് പാർശ്വഭിത്തി നിർമ്മിച്ച് കയർഭൂവസ്ത്രം വിരിക്കൽ
3. ഇതിന് മുകളിൽ ചെടികൾ വച്ചുപിടിപ്പിക്കൽ
4. കൈയേറ്റം തടയാൻ ചുറ്റും നടപ്പാത നിർമ്മാണം
5. രണ്ടാംഘട്ടമായി ബോട്ട് ജെട്ടി, പാർക്ക്, അമിനിറ്റി സെന്റർ
വിസ്തൃതി
വട്ടക്കായൽ: 26 ഏക്കർ
കട്ടയ്ക്കൽ കായൽ: 8 ഏക്കർ
കിഴക്കേത്തറ കലുങ്ക് അപകടാവസ്ഥയിൽ
വട്ടക്കായലിൽ നിന്ന് കട്ടയ്ക്കൽ കായലിലേക്കുള്ള തോടിന് കുറുകെയുള്ള കിഴക്കേത്തറ കലുങ്കിന്റെ ഒരു വശം തകർന്നിട്ട് നാല് മാസത്തിലേറെയായി. രാമൻകുളങ്ങരയിലേക്കും ശക്തികുളങ്ങര ഹാർബറിലേക്കുമുള്ള പ്രധാന റോഡാണിത്. വാഹനങ്ങൾ തുടർച്ചയായി സഞ്ചരിച്ച് കലുങ്കിന്റെ ശേഷിക്കുന്ന ഭാഗം ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്.
സർക്കാർ പണം അനുവദിച്ചാലെ പദ്ധതി നടപ്പാകുകയുള്ളു. ഒരു പതിറ്റാണ്ട് മുമ്പ് സമാനമായ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പായില്ല.
നാട്ടുകാർ