 ചരിത്ര നിമിഷങ്ങൾക്ക് അവഗണന

കൊല്ലം: ചീറിപ്പാഞ്ഞ വെടിയുണ്ടകൾ നെഞ്ചിലേറ്റി ധീരന്മാർ ചരിത്രമുന്നേറ്റങ്ങൾക്ക് വഴിതെളിച്ച കന്റോൺമെന്റ് (പീരങ്കി) മൈതാനം,​ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലും അവഗണിക്കപ്പെടുന്നു.

ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും വെടിവയ്പ്പിലൂടെ ആറുപേരുടെ മരണത്തിനിടയാക്കിയ കന്റോൺമെന്റ് വിപ്ളവം, നിസഹകരണ സമരം, വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ നടന്ന ആറു മണിക്കൂർ മാത്രം നീണ്ടുനിന്നതെന്ന് കരുതപ്പെടുന്ന കൊല്ലം യുദ്ധം, മറ്റു നവോത്ഥാന മുന്നേറ്റങ്ങൾ എന്നിവയ്ക്ക് സാക്ഷ്യം വഹിച്ച കന്റോൺമെന്റ് മൈതാനത്ത് വരും തലമുറകളുടെ ഓർമ്മകളിലേയ്ക്കായി ഒന്നും കരുതിയിട്ടില്ല.

ഇത് ചരിത്രത്തോടുള്ള വെല്ലുവിളിയും നാടിന്റെ ത്യാഗ സ്മരണകളെ അവഗണിക്കലുമാണെന്നാണ് ആക്ഷേപം.

കന്റോൺമെന്റ് വിപ്ലവം

1. ഗാന്ധിജിയുടെ നിർദ്ദേശത്തെ തുടർന്ന് നിസഹരണ സമരത്തിൽ പങ്കെടുക്കാൻ 1938 സെപ്തംബർ 2ന് കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നൂറോളം പേർ ഒത്തുചേർന്നു

2. കുമ്പളത്ത് ശങ്കുപ്പിള്ള, സി.കേശവൻ എന്നിവർ നയിച്ച ജാഥയ്ക്ക് ശേഷം എം.ജി.കോശി, പി.ജി.വർഗീസ്, പത്രാധിപർ കെ.സുകുമാരൻ എന്നിവർ പ്രഭാഷണം നടത്തി

3. ജനങ്ങളെ പിരിച്ചുവിടാൻ നടത്തിയ പൊലീസ് വെടിവയ്പ്പിൽ ആറോളം പേർ രക്തസാക്ഷികളായി

4. ഇവരിൽ തിരിച്ചറിഞ്ഞ ആശ്രാമം ലക്ഷ്മണൻ, കൊല്ലൂർവിള മൊയ്തീൻകുഞ്ഞ്, അയത്തിൽ ബാലകൃഷ്ണപിള്ള, കുരീപ്പുഴ കൊച്ചുകുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ പൊലീസ് മറവുചെയ്തു

5. കന്റോൺമെന്റ് വിപ്ലവം ചിങ്ങം വിപ്ലവം എന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്

ആറ് മണിക്കൂറിലൊതുങ്ങി കൊല്ലം യുദ്ധം

1. 16 മുതൽ18 വരെയുള്ള നൂ​റ്റാണ്ടുകളിൽ കൊല്ലം പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും അധീനതയിലായിരുന്നു

2. ബ്രിട്ടീഷ് ഭരണകാലത്ത് വാണിജ്യ പ്രാധന്യമുള്ള ഓഫീസുകളും കൊല്ലത്തുണ്ടായിരുന്നു

3. ഇവയുടെ സംരക്ഷണത്തിന് സുരക്ഷാസേനയെ വിന്യസിച്ച സ്ഥലമാണ് കന്റോൺമെന്റ് മൈതാനം

4. സേനയെ വിന്യസിച്ചതിൽ പ്രതിഷേധിച്ച് വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി നടത്തിയ യുദ്ധമാണ് കൊല്ലം യുദ്ധം

5. ആറുമണിക്കൂർ മാത്രം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ വിജയിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി യുദ്ധത്തടവുകാരെ മൈതാനത്ത് വച്ച് തന്നെ വെടിവച്ചുകൊന്നു

6. ഇതേ വർഷം തന്നെയാണ് ദളവ കുണ്ടറ വിളംബരം നടത്തിയതും ഒടുവിൽ ആത്മഹത്യ ചെയ്യുന്നതും

ചരിത്ര ഭൂമി

1809 - കൊല്ലം യുദ്ധം

1915 - മാറുമറയ്ക്കൽ പ്രക്ഷോഭത്തിന്റെ ഭാഗമായ കല്ലുമാല സമരത്തിന്റെ സമാപന വേദി

1927- മഹാത്മാഗാന്ധി നേരിട്ടെത്തി ജനങ്ങളോട് സംസാരിച്ചു

1938 - നടന്ന ചിങ്ങം 17 വിപ്ലവം

പീരങ്കി മൈതാനം

മൈതാനത്ത് സ്ഥാപിച്ചിരുന്ന 5 പീരങ്കികൾ ഇപ്പോൾ കൊല്ലം സർദാർ വല്ലഭായ് പട്ടേൽ പൊലീസ് മ്യൂസിയത്തിൽ.

ചരിത്രമുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കന്റോൺമെന്റ് മൈതാനം വിസ്മൃതിയിലേക്ക് മറയുകയാണ്. ചരിത്രനിമിഷങ്ങൾ വരും തലമുറയ്ക്കായി കരുതണം.