swami
കൊല്ലം മാമ്പുഴ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നടന്ന ' രാമായണ സായാഹ്‌ന' ത്തിൽ സ്വാമി അദ്ധ്യാത്മാനന്ദ പ്രഭാഷണം നടത്തുന്നു

കൊല്ലം: ഭാരതത്തിന്റെ സ്വത്വം രാമായണ ​- മഹാഭാരത ഇതിഹാസങ്ങളിൽ നിന്ന് കണ്ടെത്തണമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. രാമരാജ്യമെന്ന ചിന്തയ്ക്ക് നിദാനമായിട്ടുള്ളത് രാമായണമാണെന്നോർക്കണം. അധിനിവേശ ശക്തികളിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള കരുത്ത് ധർമ്മ ചിന്തയിൽ നിന്നാണ് സ്വാതന്ത്ര്യ ഭടന്മാർ ആർജ്ജിച്ചത്.
ആബാലവൃദ്ധം ജനങ്ങളും രാമനെ യുവരാജാവാക്കാൻ തയ്യാറെടുത്തപ്പോഴാണ് മന്ഥരയുടെയും കൈകേകിയുടെയും ഇടപെടലുണ്ടാകുന്നത്. എന്നാൽ ഒട്ടും ഉലയാതെ, അനുഭവങ്ങളെ അവസരങ്ങളായാണ് രഘുരാമൻ കണ്ടത്. ധർമ്മബോധത്തിൽ നിന്ന് വ്യതിചലിക്കാതെ, പിതാവ് ദശരഥന്റെ വാക്കുകൾ രാമൻ ശിരഹാവഹിച്ചു. തന്റേടവും കരുത്തും നിർഭയത്വവുമാണ് ശ്രീരാമൻ പകർന്ന് നൽകുന്നതെന്ന് സ്വാമി ചൂണ്ടിക്കാട്ടി.
കൊല്ലം മാമ്പുഴ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നടന്ന ' രാമായണ സായാഹ്‌ന' ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവദാസ് പൈയുടെ നേതൃത്വത്തിൽ ഭജനയും നടന്നു.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ആഹ്വാനം ഉൾക്കൊണ്ട് വീടുകൾ തോറും ദേശീയ പതാക ഉയർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ക്ഷേത്ര ഭാരവാഹികളായ എസ്.രാജേന്ദ്രൻ പിള്ള, സദാനന്ദൻ പിള്ള, സന്തോഷ് കുമാർ, മെയ്ക്ക് എ വിഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആർ.എസ്. പ്രശാന്ത്, സംബോധ് ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ.കല്ലൂർ കൈലാസ് നാഥ് എന്നിവർ സംസാരിച്ചു.