 
കരുനാഗപ്പള്ളി: തൊഴിലാളികളില്ലാതെ വലയുകയാണ് പുതിയകാവിലെ കേരഫെഡ് ഫാക്ടറി. കഴിഞ്ഞ രണ്ട് വർഷമായി ആവശ്യത്തിന് തൊഴിലാളികളില്ലാതെയാണ് ഫാക്ടറിയുടെ പ്രവർത്തനം. പിരിഞ്ഞുപോയ 12 ഓളം തൊഴിലാളികളെ കരാർ വ്യവസ്ഥയിൽ എടുത്താണ് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോയത്. നിലവിൽ 68 തൊഴിലാളികളാണ് ഇവിടുള്ളത്. സാങ്കേതിക ജീവനക്കാരുടെ എണ്ണവും പരിമിതമാണ്. നിലവിൽ 2 ഷിഫ്റ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്. ഉള്ള തൊഴിലാളികൾക്ക് അധിക ജോലി നൽകിയാണ് എണ്ണയുടെ ഉല്പാദനം താഴോട്ട് പോകാതെ പിടിച്ച് നിറുത്താൻ അധികൃതർ ശ്രമിക്കുന്നത്.
എത്രനാൾ ഇങ്ങനെ...
എത്രനാൾ ഇങ്ങനെ പോകാൻ കഴിയുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. മൂന്ന് ഷിഫ്റ്റ് പ്രവർത്തിച്ചിരുന്ന കാലത്ത് 120 തൊഴിലാളികൾക്ക് ജോലി ലഭിച്ചിരുന്നു. 250 മെട്രിക് ടൺ കൊപ്ര ആട്ടാനുള്ള രണ്ട് പ്ലാന്റുകളാണ് ഉള്ളത്. ഒരു പ്ലാന്റ് പ്രവർത്തിക്കുമ്പോൾ മറ്റേ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടത്തും. ഇപ്പോൾ ദിനംപ്രതി 120 മെട്രിക് ടൺ വെളിച്ചെണ മാത്രമാണ് ഉല്പാദിപ്പിക്കാൻ കഴിയുന്നത്. ആവശ്യത്തിന് തൊഴിലാളികൾ ഉണ്ടെങ്കിൽ എണ്ണയുടെ ഉല്പാദനം വർദ്ധിപ്പിക്കാൻ കഴിയും.
എഴുത്തു പരീക്ഷ നടത്തി, പക്ഷേ
മുൻ വർഷങ്ങളിൽ തൊഴിലാളികളെ ആവശ്യമായി വരുമ്പോൾ ട്രേഡ് യൂണിയനാണ് തൊഴിലാളികളെ നിയമിച്ചിരുന്നത്. പ്ലാന്റിലെ വർക്കർമാർ ഏഴാം ക്ളാസ് ജയിച്ചിരിക്കണം. എന്നാൽ ഇപ്പോൾ കമ്പനി അധികൃതർ നേരിട്ട് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് നിയമിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യപടിയായി എഴുത്തു പരീക്ഷ നടത്തി. എന്നാൽ കമ്പനി മാനേജ്മെന്റ് നിയമന തുടർ നടപടികളിലേക്ക് കടക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. പ്രതിപക്ഷ യൂണിയനുകൾ ഫാക്ടറിക്ക് മുന്നിൽ സൂചന സമരം നടത്തി. തൊഴിലാളികളെ സമയബന്ധിതമായി നിയമിക്കുന്നതിനുള്ള അടിയന്തര നടപടി കമ്പനി മാനേജ് മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.ഫാക്ടറിയിൽ നേരത്തെ ഉല്പാദിപ്പിച്ച വെളിച്ചെണ്ണയാണ് ഓണം വിപണിക്കായി സംഭരിച്ചിരിക്കുന്നത്.