കൊട്ടാരക്കര: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വീടുകളിൽ ഉയ‌ർത്താൻ പതാകയ്ക്കായി നെട്ടോട്ടമോടി നാട്ടുകാർ. ഗ്രാമ പഞ്ചായത്തുകളും നഗരസഭയും കുടുംബശ്രീയും മറ്റു സന്നദ്ധ സംഘടനകളും ദേശീയ പതാക എല്ലാ വീടുകളിലും എത്തിക്കുമെന്ന അനൗദ്യോഗിക അറിയിപ്പുകൾ പരന്നതോടെ പലരും പതാക വീട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. എന്നാൽ തലേ ദിവസമായിട്ടും പതാക ലഭിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ കടകളെ സമീപിച്ചത്. രാവിലെ മുതൽ പ്രധാന ടൗണുകളിൽ ദേശീയ പതാകയ്ക്കു വേണ്ടി ആളുകൾ പരക്കം പാഞ്ഞു. എവിടെയും കിട്ടാതെ വന്നപ്പോൾ പലരും നിരാശരായി മടങ്ങി. കഴിഞ്ഞ മൂന്നു വർഷമായി വിൽക്കാതെ അവശേഷിച്ചിരുന്ന പതാകകൾ പോലും വിറ്റുതീർന്നു. കൂടുതൽ പതാക വാങ്ങുന്നതിനായി വ്യാപാരികൾ കൊല്ലത്തെ മൊത്ത വിതരണക്കാരെ സമീപിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് കട ഉച്ചയ്ക്കു തന്നെ അടക്കേണ്ടിവന്നതായി ടൗണിലെ സ്റ്റേഷനറിവ്യാപരി വിജയൻ പറഞ്ഞു.